എൻ്റെ റബ്ബ് അല്ലാഹുവാകുന്നു

അല്ലാഹു പറയുന്നു: {ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുൻഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാൻ വേണ്ടിയത്രെ അത്} [അൽ ബഖറ: 21].

  • അല്ലാഹു പറയുന്നു: {അവനാകുന്നു അല്ലാഹു; ആരാധനക്കർഹനായി അവനല്ലാതെ മറ്റാരുമില്ല} [ഹശ്ർ: 22].
  • അല്ലാഹു പറയുന്നു: {അല്ലാഹുവിനെ പോലെ യാതൊന്നുമില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാകുന്നു} [ശൂറാ: 11].
  • അല്ലാഹുവാകുന്നു എൻ്റെ രക്ഷിതാവ്. സർവ്വതിൻ്റെയും രക്ഷിതാവ് അവൻ തന്നെയാകുന്നു. സർവ്വതിനെയും അധീനപ്പെടുത്തിയവനും, എല്ലാത്തിനെയും സൃഷ്ടിച്ചവനും, ഉപജീവനം നൽകുന്നവനും, പ്രപഞ്ചമാകമാനം നിയന്ത്രിക്കുന്നവനും അവൻ മാത്രമാണ്.
  • അവന് ഏറ്റവും ഉത്തമമായ നാമങ്ങളും (അസ്മാഉൽ ഹുസ്നാ) അത്യുന്നതമായ വിശേഷണങ്ങളും ഉണ്ട്. അല്ലാഹു അവനുള്ളതായി ഖുർആനിൽ സ്ഥിരപ്പെടുത്തിയതോ, നബി (ﷺ) അല്ലാഹുവിനെ കുറിച്ച് അറിയിച്ചു തന്നിട്ടുള്ളവയോ ആണ് അവയെല്ലാം. ഈ നാമങ്ങളും ഗുണവിശേഷണങ്ങളും എല്ലാ നന്മകളുടെയും അങ്ങേയറ്റം ഉൾക്കൊള്ളുന്നു. അല്ലാഹു; അവനെ പോലെ യാതൊന്നും തന്നെയില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാകുന്നു.

അല്ലാഹുവിൻ്റെ നാമങ്ങളിൽ (അസ്മാഉൽ ഹുസ്നാ) പെട്ടതാണ്:

  • അർ-റസാഖ്
  • അർ-റഹ്മാൻ
  • അൽ-ഖദീർ
  • അൽ-മലിക്
  • അസ്സമീഅ്
  • അസ്സലാം
  • അൽ-ബസ്വീർ
  • അൽ-വകീൽ
  • അൽ-ഖാലിഖ്
  • അൽ-ലത്വീഫ്
  • അൽ-കാഫീ
  • അൽ-ഗഫൂർ

* അല്ലാഹുവിൻ്റെ സൃഷ്ടിപ്പിലെ അത്ഭുതങ്ങളെ കുറിച്ച് ചിന്തിക്കുകയും, അല്ലാഹു അവയിലെല്ലാം നിശ്ചയിച്ചിട്ടുള്ള എളുപ്പങ്ങളെ കുറിച്ചും ചിന്തിക്കുന്നവനായിരിക്കണം ഒരു മുസ്ലിം. ജീവജാലങ്ങൾക്ക് അവയുടെ ശൈശവ ദശയിൽ ഭക്ഷണം അല്ലാഹു നൽകുന്നതും അവക്ക് സ്വയംപര്യാപ്തത വന്നെത്തുന്നത് വരെ നൽകുന്ന ശ്രദ്ധയും ആലോചിച്ചു നോക്കൂ! അവയെ സൃഷ്ടിച്ച രക്ഷിതാവ് എത്ര പരിശുദ്ധനാണ്. അവൻ അവരോട് എത്ര അനുകമ്പയുള്ളവനാണ്! തീർത്തും ദുർബലമായ സൃഷ്ടികളായിട്ടു പോലും അവയുടെ അവസ്ഥകൾക്ക് അനുയോജ്യമായ കാര്യങ്ങൾ അവൻ തൻ്റെ ഔദാര്യത്താൽ അവർക്ക് ഒരുക്കി വെച്ചത് നോക്കൂ!

എൻ്റെ റബ്ബ് അല്ലാഹുവാകുന്നു

തൻ്റെ ദാസന്മാരുടെ ഹൃദയങ്ങൾക്കും ശരീരങ്ങൾക്കും നിലനിൽക്കാൻ വേണ്ട വിഭവങ്ങൾ (നൽകാനുള്ള ബാധ്യത സ്വയം) ഏറ്റെടുത്തവൻ.

സർവ്വതിനെയും വിശാലമായി ചൂഴ്ന്നിരിക്കുന്ന, മഹത്തരമായ കാരുണ്യത്തിൻ്റെ ഉടമ.

പരിപൂർണ്ണ ശക്തിയുള്ളവൻ. അവന് ഒരിക്കലും അശക്തിയോ തളർച്ചയോ ബാധിക്കുകയില്ല.

മഹത്വത്തിൻ്റെയും അധീശത്വത്തിൻ്റെയും നിയന്ത്രണത്തിൻ്റെയും വിശേഷണങ്ങളുള്ളവൻ. സർവ്വതിനെയും ഉടമപ്പെടുത്തുന്നവനും, അവയെ മാറ്റിമറിക്കുന്നവനും.

എല്ലാ ശബ്ദങ്ങളും - രഹസ്യമാക്കിയതും പരസ്യമാക്കിയതുമെല്ലാം- കേൾക്കുന്നവൻ.

എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും കുഴപ്പങ്ങളിൽ നിന്നും പരിശുദ്ധനായവൻ.

എല്ലാ വസ്തുക്കളെയും - അവ എത്ര സൂക്ഷ്മമോ ചെറുതോ ആകട്ടെ; അവയെ എല്ലാം - തൻ്റെ കാഴ്ച കൊണ്ട് വലയം ചെയ്തവൻ. കാര്യങ്ങളെ കുറിച്ച് ഉൾക്കാഴ്ചയും, സൂക്ഷ്മമായ ജ്ഞാനവും, അവയുടെ ഉള്ളകങ്ങളെ കുറിച്ചുള്ള അറിവും ഉള്ളവൻ.

തൻ്റെ സൃഷ്ടികളുടെ ഉപജീവനം ഏറ്റെടുക്കുകയും, അവർക്ക് പ്രയോജനകരമായത് നിലനിർത്തുകയും ചെയ്യുന്നവൻ. തൻ്റെ ഇഷ്ടദാസന്മാരെ ഏറ്റെടുക്കുകയും, എല്ലാ കാര്യങ്ങളിലും അവൻ അവർക്ക് മതിയാകുകയും ചെയ്യും.

എല്ലാ വസ്തുക്കളെയും ഒരു മുൻമാതൃകയുമില്ലാതെ സൃഷ്ടിക്കുകയും നിർമ്മിക്കുകയും ചെയ്തവൻ.

തൻ്റെ അടിമകളെ ആദരിക്കുകയും, അവരോട് കരുണ ചെയ്യുകയും, അവർ ചോദിക്കുന്നത് അവർക്ക് നൽകുകയും ചെയ്യുന്നവൻ.

തൻ്റെ അടിമകൾക്ക് ആവശ്യമായതെല്ലാം മതിവരുവോളം നൽകുന്നവൻ. മറ്റാരുടെയും സഹായമില്ലെങ്കിലും അവൻ്റെ സഹായം മാത്രം മതി. അവനുണ്ടെങ്കിൽ മറ്റെല്ലാവരിൽ നിന്നും (അടിമകൾ) ധന്യരാകുന്നു.

തൻ്റെ അടിമകളെ അവർ ചെയ്ത തിന്മകളുടെ ദുഷ്ഫലങ്ങളിൽ നിന്ന് കാത്തുരക്ഷിക്കുന്നവനും, അവരെ അതിൻ്റെ പേരിൽ ശിക്ഷിക്കാതെ (പൊറുത്തു കൊടുക്കുന്നവനും).

എൻ്റെ നബി മുഹമ്മദ് -ﷺ- ആകുന്നു

അല്ലാഹു(سبحانه وتعالى) പറഞ്ഞു: {തീർച്ചയായും നിങ്ങൾക്കിതാ നിങ്ങളിൽനിന്നുതന്നെയുള്ള ഒരു ദൂതൻ വന്നിരിക്കുന്നു. നിങ്ങൾ കഷ്ടപ്പെടുന്നത് സഹിക്കുവാൻ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തിൽ അതീവ താൽപര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം} [തൗബ: 128].

അല്ലാഹു പറയുന്നു: {ലോകർക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല} [അൻബിയാഅ്: 107].

മുഹമ്മദ് നബി (ﷺ) കാരുണ്യവും സന്മാർഗ്ഗവും

അബ്ദുല്ലയുടെ മകൻ മുഹമ്മദ് (ﷺ). അല്ലാഹുവിൻ്റെ ദൂതന്മാരിൽ -നബിമാരിൽ- അന്തിമനാണ് അവിടുന്ന്. ഇസ്ലാം മതത്തിൻ്റെ സന്ദേശവുമായി അല്ലാഹു അവിടുത്തെ സർവ്വ ജനങ്ങളിലേക്കുമായി -അവരെ നന്മയിലേക്ക് വഴിനയിക്കുന്നതിനായി- നിയോഗിച്ചിരിക്കുന്നു. അവിടുന്ന് കൽപ്പിച്ച നന്മകളിൽ ഏറ്റവും വലുത് അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദാകുന്നു. അവിടുന്ന് വിലക്കിയ തിന്മകളിൽ ഏറ്റവും ഗുരുതരമായത് അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർക്കാകുന്നു.

നബി ﷺ അറിയിച്ചുതന്ന കാര്യങ്ങളിലെല്ലാം നബിﷺയെ വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്യൽ നിർബന്ധമാണ്. അവിടുന്ന് കൽപ്പിച്ചതിലെല്ലാം അവിടുത്തെ അനുസരിക്കുക എന്നത് നിർബന്ധമാകുന്നു. അവിടുന്ന് വിലക്കിയ കാര്യങ്ങളെല്ലാം ഉപേക്ഷിക്കുക എന്നതും നിർബന്ധമാണ്. അവിടുന്ന് നിയമമാക്കിയ രൂപത്തിലല്ലാതെ അല്ലാഹുവിനെ ആരാധിക്കാനും പാടില്ല.

മുഹമ്മദ് നബിﷺയും അവിടുത്തേക്ക് മുൻപുള്ള നബിമാരും ജനങ്ങളെ ക്ഷണിച്ചത് അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒരു പങ്കാളിയെയും നിശ്ചയിക്കാതിരിക്കുകയും ചെയ്യുക എന്ന സന്ദേശത്തിലേക്കാണ്.

 

മുഹമ്മദ് നബി (ﷺ) യുടെ ഗുണവിശേഷണങ്ങൾ: 

  • സത്യസന്ധതയും
  • കാരുണ്യവും
  • ക്ഷമയും
  • ധൈര്യവും
  • ഉദാരതയും
  • സൽസ്വഭാവവും
  • സഹനശീലവും
  • നീതിയും
  • വിനയവും  
  • വിട്ടുവീഴ്ച്ചയുമെല്ലാം അവിടുത്തെ ഗുണങ്ങളിൽ പെട്ടതാ യിരുന്നു.



 


 

വിശുദ്ധ ഖുർആൻ എൻ്റെ രക്ഷിതാവിൻ്റെ വചനമാണ്

അല്ലാഹു പറയുന്നു:
{മനുഷ്യരേ, നിങ്ങൾക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സുവ്യക്തമായ തെളിവ് വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങൾക്ക് ഇറക്കിത്തന്നിരിക്കുന്നു} [നിസാഅ്: 174].

അല്ലാഹു അവൻ്റെ ദൂതനായ മുഹമ്മദ് നബി (ﷺ) ക്ക് മേൽ അവതരിപ്പിച്ച അവൻ്റെ വചനമാണ് വിശുദ്ധ ഖുർആൻ. ജനങ്ങളെ ഇരുട്ടുകളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നതിനും, അല്ലാഹുവിൻ്റെ നേരായ മാർഗത്തിലേക്ക് അവർക്ക് വഴികാണിക്കുന്നതിനുമാണ് ഈ ഗ്രന്ഥം അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത്.

അത് പാരായണം ചെയ്യുന്നവർക്ക് മഹത്തരമായ പ്രതിഫലമുണ്ട്. ഖുർആനിൻ്റെ മാർഗം ജീവിതത്തിൽ പകർത്തിയവൻ നേരായ വഴിയിൽ പ്രവേശിക്കുകയും ചെയ്തിരിക്കുന്നു.

ഇസ്ലാമിൻ്റെ സ്തംഭങ്ങൾ പഠിക്കാം

നബി (ﷺ) പറഞ്ഞു:

“ഇസ്ലാം പടുത്തുയർത്തപ്പെട്ടത് അഞ്ച് കാര്യങ്ങളിലാണ്. ‘ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്’ (അല്ലാഹുവല്ലാതെ ആരാധനർക്ക് അർഹനായി ആരുമില്ല, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന് സാക്ഷ്യം വഹിക്കൽ, നമസ്കാരം നിലനിർത്തൽ, സകാത്ത് നൽകൽ, റമദാൻ മാസം നോമ്പെടുക്കൽ, ഹജ്ജ് നിർവ്വഹിക്കൽ (എന്നിവയാണവ).”

ഓരോ മുസ്ലിമിന് മേലും നിർബന്ധമായ ആരാധനാകർമ്മങ്ങളാണ് ഇസ്ലാം കാര്യങ്ങൾ. ഇവയെല്ലാം നിർബന്ധമാണെന്ന് വിശ്വസിക്കുകയും, അവ മുഴുവൻ പ്രാവർത്തികമാക്കുകയും ചെയ്യാതെ ഒരാളുടെ ഇസ്ലാം ശരിയാവുകയില്ല. കാരണം ഇസ്ലാം അതിന് മേലാണ് പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. അതു കൊണ്ടാണ് ഇവക്ക് ഇസ്ലാമിൻ്റെ പഞ്ചസ്തംഭങ്ങൾ എന്ന പേര് നൽകപ്പെട്ടത്.

ഈ സ്തംഭങ്ങൾ ഇനി വിവരിക്കാം:

ഇസ്ലാമിൻ്റെ സ്തംഭങ്ങൾ പഠിക്കാം

ഒന്ന്

ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്’ (അല്ലാഹുവല്ലാതെ ആരാധനർക്ക് അർഹനായി ആരുമില്ല, മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണ്) എന്ന് സാക്ഷ്യം വഹിക്കൽ

അല്ലാഹു (سبحانه وتعالى) പറഞ്ഞു: {അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് നീ അറിയുക} [മുഹമ്മദ്: 19].

അല്ലാഹു) പറയുന്നു: {തീർച്ചയായും നിങ്ങൾക്കിതാ നിങ്ങളിൽനിന്നുതന്നെയുള്ള ഒരു ദൂതൻ വന്നിരിക്കുന്നു. നിങ്ങൾ കഷ്ടപ്പെടുന്നത് സഹിക്കുവാൻ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തിൽ അതീവ താൽപര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം} [തൗബ: 128].

  • ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിൻ്റെ അർത്ഥം: അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നാകുന്നു.
  • മുഹമ്മദ് നബി (ﷺ) ദൂതനാണ് എന്ന് സാക്ഷ്യം വഹിക്കുക എന്നാൽ അദ്ദേഹം കൽപിച്ചതിൽ അദ്ദേഹത്തെ അനുസരിക്കലും അദ്ദേഹം അറിയിച്ച കാര്യങ്ങൾ സത്യപ്പെടുത്തലും വിരോധിച്ചത് വെടിയലും അദ്ദേഹം കാണിച്ച് തന്ന രൂപത്തിലല്ലാതെ അല്ലാഹുവിനെ ആരാധിക്കാതിരിക്കലുമാകുന്നു.

 

രണ്ട്

നമസ്കാരം നിലനിർത്തൽ

അല്ലാഹു (سبحانه وتعالى) പറഞ്ഞു: {നിങ്ങൾ നമസ്കാരം നിലനിർത്തുക} [അൽ ബഖറ: 110].

  • അല്ലാഹു നിയമമാക്കിയ രൂപത്തിൽ, നബി (ﷺ) നമുക്ക് പഠിപ്പിച്ചു തന്ന രൂപത്തിൽ നമസ്കാരം നിർവ്വഹിച്ചാലേ അത് നമസ്കാരം നിലനിർത്തലാവുകയുള്ളൂ.

 

മൂന്ന്

സകാത്ത് നൽകൽ

അല്ലാഹു പറയുന്നു: {നിങ്ങൾ സകാത്ത് നൽകുക} [അൽ ബഖറ: 110].

  • ഓരോ മുസ്ലിമിൻ്റെയും വിശ്വാസം സത്യസന്ധമാണോ എന്ന് പരിശോധിക്കുന്നതിനായാണ് അല്ലാഹു സകാത്ത് നിർബന്ധമാക്കിയിട്ടുള്ളത്. അല്ലാഹു നൽകിയ സമ്പത്താകുന്ന അനുഗ്രഹത്തിനുള്ള നന്ദിയും, ദരിദ്രരെയും ആവശ്യക്കാരെയും സഹായിക്കുക എന്നതും സകാത്തിൻ്റെ ലക്ഷ്യത്തിൽ പെട്ടതാണ്.
  • സകാത്തിന് അർഹതയുള്ളവർക്ക് അത് നൽകിക്കൊണ്ടാണ് ഈ ആരാധന നിർവ്വഹിക്കേണ്ടത്.
  • നിശ്ചിതമായ ഒരു പരിധി സമ്പത്ത് ഒരാൾ ഉടമപ്പെടുത്തിയാൽ അയാൾ നിർബന്ധമായും അതിൽ നിന്ന് ഒരു വിഹിതം സകാത്തായി നൽകണം. വിശുദ്ധ ഖുർആനിൽ അല്ലാഹു വിവരിച്ചിട്ടുള്ള എട്ടു വിഭാഗം ആളുകൾക്കാണ് സകാത്ത് നൽകേണ്ടത്. ദരിദ്രരും സാധുക്കളും ആവശ്യത്തിനുള്ള പണമില്ലാത്തവരും അക്കൂട്ടത്തിൽ ഉൾപ്പെടും.
  • സകാത്ത് നൽകുന്നതിൽ കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും അംശങ്ങൾ പ്രകടമാകുന്നു. മുസ്ലിമിൻ്റെ സ്വഭാവവും സമ്പത്തും ഒരുപോലെ അതിലൂടെ ശുദ്ധീകരിക്കപ്പെടുന്നു. പാവപ്പെട്ടവരുടെയും ദരിദ്രരുടെയും മനസ്സുകൾക്ക് അതിലൂടെ തൃപ്തി നൽകപ്പെടുന്നു. മുസ്ലിം സമൂഹത്തിനിടയിൽ ഉണ്ടായിരിക്കേണ്ട പരസ്പര സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും കണ്ണികൾ അതിലൂടെ ഊട്ടിയുറപ്പിക്കുന്നു. അതിനാൽ സൽകർമ്മിയായ ഓരോ മുസ്ലിമും തൻ്റെ സകാത്ത് നിറഞ്ഞ ഹൃദയത്തോടെ അപരന് നൽകാൻ തയ്യാറാകുന്നു. തൻ്റെ ചുറ്റുമുള്ളവർക്ക് സന്തോഷകരമായ ജീവിതം അതിലൂടെ ലഭിക്കുന്നതിൽ അവൻ ആനന്ദം കണ്ടെത്തുന്നു.
  • സ്വരുക്കൂട്ടുന്ന സമ്പത്തുകളിൽ പെട്ട സ്വർണ്ണം, വെള്ളി, കറൻസി, വിൽപ്പനക്കായി ഒരുക്കി വെച്ച കച്ചവടമുതലുകൾ തുടങ്ങിയവയിൽ നിന്ന് 2.5 % ശതമാനമാണ് സകാതായി നൽകേണ്ടത്. ഈ പറഞ്ഞ സമ്പത്ത് നിശ്ചിത തോത് എത്തുകയും, അവ ഒരു വർഷം ഉടമസ്ഥൻ്റെ കയ്യിൽ നിലനിൽക്കുകയും ചെയ്താലാണ് സകാത്ത് നൽകേണ്ടത്.
  • ഇതു പോലെ, നിശ്ചിത എണ്ണം കന്നുകാലികളെ (ഒട്ടകം, പശു, ആട് എന്നിവയെ) ഉടമപ്പെടുത്തുന്നവരും സകാത്ത് നൽകണം. (വർഷത്തിൽ ഭൂരിഭാഗം കാലവും ഉടമസ്ഥൻ ഭക്ഷണം നൽകാതെ, പൊതുഇടങ്ങളിൽ മേഞ്ഞു നടക്കുന്ന കന്നുകാലികളുടെ മേലാണ് സകാത്ത് ഉള്ളത്.)
  • ഭൂമിയിൽ നിന്ന് ലഭിക്കുന്ന കൃഷിവിഭവങ്ങളായ ധാന്യങ്ങളിലും ഫലങ്ങളിലും ലോഹങ്ങളിലും നിധികളിലും -അവ നിശ്ചിത അളവുണ്ടെങ്കിൽ- സകാത്ത് നിർബന്ധമാണ്.

 

നാല്

റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കൽ

അല്ലാഹു പറയുന്നു: {(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങളുടെ മുമ്പുള്ളവർക്ക് നിർബന്ധമാക്കപ്പെട്ടത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രെ അത്} [അൽ ബഖറ: 110].

  • ഹിജ്റ മാസങ്ങളിലെ ഒൻപതാം മാസമാണ് റമദാൻ. മുസ്ലിമീങ്ങൾ പരിശുദ്ധമായി കാണുന്ന ഈ മാസത്തിന് വർഷത്തിലെ മറ്റു മാസങ്ങൾക്കില്ലാത്ത പ്രത്യേകമായ സ്ഥാനമുണ്ട്. ഈ മാസം മുഴുവനായി നോമ്പ് അനുഷ്ഠിക്കുക എന്നത് ഇസ്ലാമിലെ അഞ്ച് സ്തംഭങ്ങളിൽ ഒന്നാണ്.
  • പുലരി ഉദിച്ചത് മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ ഭക്ഷണവും വെള്ളവും ലൈംഗികബന്ധവും പോലുള്ള നോമ്പ് മുറിക്കുന്ന കാര്യങ്ങളെല്ലാം ഉപേക്ഷിച്ചു കൊണ്ട് റമദാൻ മാസത്തിൽ അല്ലാഹുവിനെ ആരാധിക്കുക എന്നതാണ് റമദാനിലെ നോമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.

 

അഞ്ച്

പരിശുദ്ധ കഅ്ബയിൽ ഹജ്ജ് നിർവ്വഹിക്കുക

അല്ലാഹു പറയുന്നു: {കഅ്ബയിലേക്ക് എത്തിച്ചേരാൻ കഴിവുള്ള മനുഷ്യർ അതിലേക്ക് ഹജ്ജ് തീർത്ഥാടനം നടത്തൽ അവർക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു} [ആലു ഇംറാൻ: 97].

  • ഹജ്ജിന് സാധിക്കുന്നവർക്ക് മേൽ മാത്രമേ അത് നിർബന്ധമാവുകയുള്ളൂ. ആയുസ്സിൽ ഒരു തവണയേ ഹജ്ജ് നിർബന്ധമാവുകയുള്ളൂ. പരിശുദ്ധ മക്കയിൽ നിലകൊള്ളുന്ന കഅ്ബയും വിശുദ്ധമായ പരിസരങ്ങളും ലക്ഷ്യം വെച്ചു കൊണ്ടുള്ള യാത്രയാണ് ഹജ്ജ്. അല്ലാഹു നിശ്ചയിച്ച സമയം, നിശ്ചയിച്ച രൂപത്തിലുള്ള ആരാധനകൾ ഹജ്ജ് ചെയ്യുന്നവർ നിർവ്വഹിക്കണം. മുഹമ്മദ് നബി (ﷺ) യും അവിടുത്തേക്ക് മുൻപുള്ള മറ്റു നബിമാരും ഹജ്ജ് നിർവ്വഹിച്ചിട്ടുണ്ട്. അല്ലാഹു ഹജ്ജ് നിർവ്വഹിക്കുന്നതിനായി ജനങ്ങൾക്കിടയിൽ വിളംബരം നടത്താൻ ഇബ്രാഹീം നബി (عليه السلام) യോട് കൽപ്പിച്ചിട്ടുണ്ട്. വിശുദ്ധ ഖുർആനിൽ അല്ലാഹു അതിനെ കുറിച്ച് ഇപ്രകാരമാണ് പറഞ്ഞത്: {നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങൾക്കിടയിൽ നീ ഹജ്ജ് തീർത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. വിദൂരമായ സകല മലമ്പാതകളിലൂടെയും നടന്നുകൊണ്ടും, എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവർ നിൻ്റെയടുത്ത് വന്നു കൊള്ളും} [ഹജ്ജ്: 27].

 

ഈമാനിൻ്റെ (വിശ്വാസത്തിൻ്റെ) സ്തംഭങ്ങൾ പഠിക്കാം

നബി (ﷺ) ഈമാനിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ ഇപ്രകാരം പറഞ്ഞു: “‘ഈമാൻ എന്നാൽ താങ്കൾ അല്ലാഹുവിലും അവന്റെ മലക്കുകളിലും, അവൻ്റെ വേദഗ്രന്ഥങ്ങളിലും, അവൻ്റെ ദൂതന്മാരിലും, അന്ത്യനാളിലും, അവൻ്റെ വിധിയിലും; അതിന്റെ നന്മയിലും തിന്മയിലും വിശ്വസിക്കലാണ്”.

ഓരോ മുസ്ലിമിൻ്റെ മേലും നിർബന്ധമായിട്ടുള്ള, ആന്തരികമായ (ഹൃദയത്തിൽ ഉണ്ടായിരിക്കേണ്ട) ആരാധനകളാണ് ഈമാനിൻ്റെ സ്തംഭങ്ങൾ. ഈ കാര്യങ്ങളിൽ വിശ്വസിക്കാതെ ഒരാളുടെ ഇസ്ലാം ശരിയാവുകയില്ല എന്നതു കൊണ്ടാണ് ഇവയെ വിശ്വാസത്തിൻ്റെ സ്തംഭങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്.

ഇസ്ലാം കാര്യങ്ങളും ഈമാൻ കാര്യങ്ങളും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. ഇസ്ലാം കാര്യങ്ങൾ പുറമേക്ക് പ്രകടമാകുന്ന പ്രവർത്തനങ്ങളാണ്; രണ്ട് സാക്ഷ്യവചനങ്ങൾ ഉച്ചരിക്കുക, നമസ്കാരം നിർവ്വഹിക്കുക, സകാത്ത് നൽകുക പോലുള്ളവ ഉദാഹരണം. എന്നാൽ ഈമാൻ കാര്യങ്ങൾ ഹൃദയത്തിലുള്ള ആന്തരികമായ കാര്യങ്ങളാണ്. അല്ലാഹുവിലുള്ള വിശ്വാസം, അല്ലാഹുവിൻ്റെ വേദഗ്രന്ഥങ്ങളിലും അവൻ്റെ ദൂതന്മാരിലുമുള്ള വിശ്വാസം എന്നിവ ഉദാഹരണം.

ഈമാനിൻ്റെ അർത്ഥവും ആശയവും:

അല്ലാഹുവിലും അവൻ്റെ മലക്കുകളിലും അവൻ്റെ വേദഗ്രന്ഥങ്ങളിലും അന്ത്യനാളിലും അല്ലാഹുവിൻ്റെ വിധിയിലും; അതിൻ്റെ നന്മയിലും തിന്മയിലും ഹൃദയം കൊണ്ട് ഉറച്ചു വിശ്വസിക്കുകയും, നബി (ﷺ) കൊണ്ടുവന്ന എല്ലാ കാര്യവും പിൻപറ്റുകയും അവ പ്രാവർത്തികമാക്കുകയും, നാവുകൊണ്ട് ഉച്ചരിക്കുകയും ചെയ്യുക. ലാ ഇലാഹ ഇല്ലല്ലാഹ് ഉച്ചരിക്കുക, ഖുർആൻ പാരായണം നടത്തുക, സ്തുതികീർത്തനങ്ങൾ ചൊല്ലുക, അല്ലാഹുവിനെ പ്രകീർത്തിക്കുക പോലുള്ളവയാണ് നാവുകൊണ്ട് ഉച്ചരിക്കുക എന്നതിൻറെ ഉദ്ദേശം.

നമസ്കാരം, ഹജ്ജ്, നോമ്പ് പോലുള്ള ബാഹ്യമായ പ്രവർത്തനങ്ങൾ ചെയ്യലും, അല്ലാഹുവിനോടുള്ള സ്നേഹം, ഭയഭക്തി, അവനിൽ ഭരമേൽപ്പിക്കൽ അവന് വേണ്ടി പ്രവർത്തനങ്ങൾ നിഷ്കളങ്കമാക്കുക പോലുള്ള ആന്തരികമായ പ്രവർത്തനങ്ങൾ ചെയ്യലും ഈമാനിൻറെ വിവക്ഷയിൽ പെട്ടതാണ്.

ഈമാനിനെ നിർവ്വചിച്ചു കൊണ്ട് പണ്ഡിതന്മാർ പറഞ്ഞു: ഈമാനെന്നാൽ ഹൃദയം കൊണ്ട് വിശ്വസിക്കുകയും, നാവ് കൊണ്ട് ഉച്ചരിക്കുകയും, ശരീരാവയവങ്ങൾ കൊണ്ട് പ്രവർത്തിക്കുകയും ചെയ്യലാണ്. നന്മകൾ പ്രവർത്തിക്കുമ്പോൾ ഈമാൻ വർദ്ധിക്കുകയും, തിന്മകൾ ചെയ്യുമ്പോൾ അത് കുറയുകയും ചെയ്യും.

ഈമാനിൻ്റെ (വിശ്വാസത്തിൻ്റെ) സ്തംഭങ്ങൾ പഠിക്കാം

 

ഈമാനിൻ്റെ ഒന്നാമത്തെ സ്തംഭം

അല്ലാഹുവിലുള്ള വിശ്വാസം

അല്ലാഹു പറയുന്നു: {അല്ലാഹുവിൽ വിശ്വസിച്ചവർ മാത്രമാണ് ഈമാനുള്ളവർ} [നൂർ: 62]

  • അല്ലാഹുവിലുള്ള വിശ്വാസം അല്ലാഹുവിൻ്റെ സൃഷ്ടികർതൃത്വത്തിലും, അവൻ്റെ ആരാധ്യതയിലും, അവൻ്റെ നാമഗുണ വിശേഷണങ്ങളിലുമുള്ള ഏകത്വമാണ് ആവശ്യപ്പെടുന്നത്. ഈ പറഞ്ഞതിൻ്റെ ഉദ്ദേശം താഴെ വിവരിക്കാം.

  •  അല്ലാഹു ഉണ്ട് എന്ന വിശ്വാസം-

  •  അല്ലാഹുവിൻ്റെ സൃഷ്ടികർതൃത്വത്തിലുള്ള വിശ്വാസം. അതായത് അല്ലാഹുവാണ് സർവ്വതിൻ്റെയും ഉടമസ്ഥനും സ്രഷ്ടാവും സർവ്വതിനും ഉപജീവനം നൽകുന്നവനും, അവയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നവനുമെന്നുള്ള വിശ്വാസം.

  •  അല്ലാഹുവിൻ്റെ ആരാധ്യതയിലുള്ള ഏകത്വത്തിൽ വിശ്വസിക്കൽ. അതായത് അല്ലാഹു മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ളവനെന്നും, ആരാധനകളിൽ യാതൊന്നിലും അവന് ഒരു പങ്കുകാരനുമില്ലെന്നും വിശ്വസിക്കുക. നമസ്കാരം, പ്രാർത്ഥന, നേർച്ച, ബലികർമ്മം, സഹായതേട്ടം, ശരണതേട്ടം പോലുള്ള എല്ലാ ആരാധനകളും അല്ലാഹുവിന് മാത്രമേ നൽകാവൂ.

  •  അല്ലാഹുവിൻ്റെ അത്യുത്തമമായ നാമങ്ങളിലും അവൻ്റെ മഹോന്നതമായ വിശേഷണങ്ങളിലുമുള്ള വിശ്വാസം. അതായത് അല്ലാഹുവോ അവൻ്റെ ദൂതരോ അല്ലാഹുവിനുള്ളതായി സ്ഥിരീകരിച്ച എല്ലാ നാമങ്ങളിലും വിശേഷണങ്ങളിലും വിശ്വസിക്കുകയും, അല്ലാഹുവോ അവൻ്റെ റസൂലോ അല്ലാഹുവിന് ഇല്ലെന്ന് നിഷേധിച്ച നാമങ്ങളും വിശേഷണങ്ങളും നിഷേധിക്കുകയും ചെയ്യുക. അല്ലാഹുവിൻ്റെ നാമങ്ങളും വിശേഷണങ്ങളും നന്മയുടെയും പൂർണ്ണതയുടെയും അത്യുന്നതിയിലാണെന്നും, അല്ലാഹുവിനെ പോലെ യാതൊന്നുമില്ലെന്നും, അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാണെന്നും വിശ്വസിക്കുക.

ഈമാനിൻ്റെ രണ്ടാമത്തെ സ്തംഭം

മലക്കുകളിലുള്ള വിശ്വാസം

അല്ലാഹു(سبحانه وتعالى) പറഞ്ഞു: {ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന് സ്തുതി. സൃഷ്ടിയിൽ താൻ ഉദ്ദേശിക്കുന്നത് അവൻ അധികരിപ്പിക്കുന്നു. തീർച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു} [ഫാത്വിർ: 1].

  • മലക്കുകൾ നമുക്ക് അദൃശ്യമായ ലോകമാണെന്നും, അല്ലാഹുവിൻ്റെ സൃഷ്ടികളാണ് അവരെന്നും, അവരെ പ്രകാശത്തിൽ നിന്നാണ് അല്ലാഹു പടച്ചതെന്നും, അല്ലാഹുവിനെ അനുസരിക്കുന്നവരും അവന് കീഴൊതുങ്ങുന്നവരുമായി കൊണ്ടാണ് അവരെ അവൻ സംവിധാനിച്ചിരിക്കുന്നതെന്നും നാം വിശ്വസിക്കണം.
  • വളരെ വലിയ സൃഷ്ടികളാണ് മലക്കുകൾ. അവരുടെ ശക്തിയോ എണ്ണമോ അല്ലാഹുവിനല്ലാതെ പൂർണ്ണമായി അറിയുകയില്ല. മലക്കുകളിൽ എല്ലാവർക്കും അല്ലാഹു അവർക്ക് നൽകിയ അവരുടേതായ പേരുകളും വിശേഷണങ്ങളും ഉത്തരവാദിത്തങ്ങളുമുണ്ട്. അല്ലാഹുവിൽ നിന്നുള്ള സന്ദേശവുമായി അവൻ്റെ ദൂതരിലേക്ക് നിയോഗിക്കപ്പെടാറുള്ള ജിബ്രീൽ (عليه السلام) മലക്കുകളിൽ ഒരുവരാണ്.

 

ഈമാനിൻ്റെ മൂന്നാമത്തെ സ്തംഭം

വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം

അല്ലാഹു പറയുന്നു: {നിങ്ങൾ പറയുക: അല്ലാഹുവിലും, അവങ്കൽ നിന്ന് ഞങ്ങൾക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ് ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികൾക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവർക്ക് നല്കപ്പെട്ടതിലും, സർവ്വ നബിമാർക്കും അവരുടെ രക്ഷിതാവിങ്കൽ നിന്ന് നല്കപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കല്പിക്കുന്നില്ല. ഞങ്ങൾ അവന്ന് (അല്ലാഹുവിന്ന്) കീഴ്പെട്ട് ജീവിക്കുന്നവരുമാകുന്നു} [ബഖറ: 136].

  • അല്ലാഹുവിൽ നിന്ന് അവതീർണ്ണമായ എല്ലാ ഗ്രന്ഥങ്ങളും അല്ലാഹുവിൻ്റെ (കലാം) സംസാരമാണെന്ന് ഓരോ മുസ്ലിമും ഉറച്ചു വിശ്വസിച്ചിരിക്കണം.
  • വവ്യക്തമായ സത്യവുമായി അല്ലാഹുവിൽ നിന്ന് അവൻ്റെ ദൂതന്മാർക്ക് മേൽ അവതരിപ്പിക്കപ്പെട്ട, അവൻ്റെ ദാസന്മാരിലേക്കുള്ള സന്ദേശമാണ് പ്രസ്തുത ഗ്രന്ഥങ്ങൾ എന്നും അവൻ വിശ്വസിക്കണം.
  • സർവ്വ മനുഷ്യരിലേക്കുമായി മുഹമ്മദ് നബി (ﷺ) യെ അയച്ചതിലൂടെ, അവിടുത്തെ മതനിയമങ്ങൾ അതിന് മുൻപ് അവതരിപ്പിക്കപ്പെട്ട എല്ലാ മതനിയമങ്ങളെയും ദുർബലപ്പെടുത്തിയിരിക്കുന്നു. മുൻപ് അവതരിപ്പിക്കപ്പെട്ട എല്ലാ വേദഗ്രന്ഥങ്ങളിലെയും ആശയത്തെ നബി (ﷺ) ക്ക് മേൽ അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുർആനിലൂടെ അല്ലാഹു സംരക്ഷിക്കുകയും, അവയെ ഈ ഗ്രന്ഥം ദുർബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. വിശുദ്ധ ഖുർആൻ എന്തെങ്കിലും നിലക്ക് തിരുത്തപ്പെടുകയോ മാറ്റിമറിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്ന് സംരക്ഷിക്കുന്നതാണെന്ന് അല്ലാഹു വാഗ്ദാനം നൽകുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു:{തീർച്ചയായും നാമാണ് ഈ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്} [ഹിജ്ർ: 9].
  • കാരണം അല്ലാഹുവിൽ നിന്ന് മനുഷ്യരിലേക്കുള്ള വേദഗ്രന്ഥങ്ങളിൽ അവസാനത്തേതാണ് വിശുദ്ധ ഖുർആൻ. അവൻ്റെ ദൂതരായ മുഹമ്മദ് നബി (ﷺ) യാകട്ടെ, അന്തിമദൂതനും. ഇസ്ലാമാകട്ടെ, അന്ത്യനാൾ വരെയുള്ള മനുഷ്യർക്ക് അല്ലാഹു തൃപ്തിപ്പെട്ടു നൽകിയ ഏകമതവും. അല്ലാഹു പറയുന്നു: {തീർച്ചയായും അല്ലാഹുവിങ്കൽ മതമെന്നാൽ ഇസ്ലാമാകുന്നു} [ആലു ഇംറാൻ: 19].

വിശുദ്ധ ഖുർആനിൽ അല്ലാഹു പേരെടുത്തു പറഞ്ഞ ഗ്രന്ഥങ്ങൾ താഴെ പറയുന്നവയാണ്:

  • 1 വിശുദ്ധ ഖുർആൻ: അല്ലാഹു അവൻ്റെ ദൂതനായ മുഹമ്മദ് നബി (ﷺ) ക്ക് മേൽ അവതരിപ്പിച്ച ഗ്രന്ഥമാണത്.
  • 2 തൗറാത്ത്: അല്ലാഹു അവൻ്റെ ദൂതനായ മൂസാ നബി (عليه السلام) ക്ക് മേൽ അവതരിപ്പിച്ച ഗ്രന്ഥമാണത്.
  • 3 ഇഞ്ചീൽ: അല്ലാഹു അവൻ്റെ ദൂതനായ ഈസാ നബി (عليه السلام) ക്ക് മേൽ അവതരിപ്പിച്ച ഗ്രന്ഥമാണത്.
  • 4 സബൂർ: അല്ലാഹു അവൻ്റെ ദൂതനായ ദാവൂദ് നബി (عليه السلام) ക്ക് മേൽ അവതരിപ്പിച്ച ഗ്രന്ഥമാണത്.
  • 5 ഇബ്രാഹീമിന് നൽകപ്പെട്ട ഏടുകൾ: അല്ലാഹു അവൻ്റെ ദൂതനായ ഇബ്രാഹീം നബി (عليه السلام) ക്ക് മേൽ അവതരിപ്പിക്കപ്പെട്ടതാണത്.

ഈമാനിൻ്റെ നാലാമത്തെ സ്തംഭം

അല്ലാഹുവിൻ്റെ ദൂതന്മാരിലുള്ള വിശ്വാസം

അല്ലാഹു പറയുന്നു: {(തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവെ മാത്രം ആരാധിക്കുകയും, അവന് പുറമെ ആരാധിക്കപ്പെടുന്നവയെ വെടിയുകയും ചെയ്യണം. (എന്ന് പ്രബോധനം ചെയ്യുന്നതിനുവേണ്ടി.)} [നഹ്ൽ: 36]

  • അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനിൽ ഒന്നിനെയും പങ്കുചേർക്കരുതെന്നും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കണമെന്നും ജനങ്ങളെ ഉൽബോധിപ്പിക്കുന്നതിനായി എല്ലാ ജനതയിലേക്കും അല്ലാഹു ദൂതന്മാരെ അയച്ചിട്ടുണ്ടെന്ന് ഓരോ മുസ്ലിമും ഉറച്ചു വിശ്വസിക്കണം.
  • അല്ലാഹുവിൻ്റെ ദൂതന്മാരെല്ലാം മനുഷ്യരും അല്ലാഹുവിൻ്റെ വിനീതദാസന്മാരുമായിരുന്നു. അവർ സത്യസന്ധരും സത്യവാന്മാരെന്ന് അറിയപ്പെട്ടവരും വിശ്വസ്തരും ധർമ്മനിഷ്ഠയുള്ളവരുമായിരുന്നു. സന്മാർഗം സ്വീകരിച്ചവരും അതിലേക്ക് ജനങ്ങളെ നയിക്കുന്നവരുമായിരുന്നു. അവരുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന അത്ഭുതവൃത്തികളാൽ അല്ലാഹു അവർക്ക് പിന്തുണ നൽകിയിട്ടുണ്ട്. അല്ലാഹു അവരെ എന്തൊന്നുമായാണോ നിയോഗിച്ചത്, അതെല്ലാം അവർ ജനങ്ങൾക്ക് എത്തിച്ചു നൽകുകയും ചെയ്തിട്ടുണ്ട്. അവരെല്ലാം വ്യക്തമായ സത്യമാർഗവും തെളിഞ്ഞ പാതയും സ്വീകരിച്ചിരുന്നവരുമായിരുന്നു; ഇതെല്ലാം ഓരോ മുസ്ലിമും വിശ്വസിച്ചിരിക്കണം.
  • ആദ്യനബി മുതൽ അവസാന നബിവരെയുള്ള എല്ലാവരുടെയും പ്രബോധനം ദീനിൻറെ അടിത്തറയുമായി യോജിക്കുന്നതായിരുന്നു. അതായത് അല്ലാഹുവിന് മാത്രം ആരാധനകൾ നൽകുകയും, അവനിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതായിരുന്നു അത്.

 

ഈമാനിൻ്റെ അഞ്ചാമത്തെ സ്തംഭം

അന്ത്യനാളിലുള്ള വിശ്വാസം

അല്ലാഹു പറയുന്നു: {അല്ലാഹു- അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. ഉയിർത്തെഴുന്നേൽപ്പിൻ്റെ ദിവസത്തേക്ക് അവൻ നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതിൽ സംശയമേ ഇല്ല. അല്ലാഹുവെക്കാൾ സത്യസന്ധമായി വിവരം നല്കുന്നവൻ ആരുണ്ട്?} [നിസാഅ്: 87].

  • അന്ത്യനാളുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും -അല്ലാഹു അവൻ്റെ ഗ്രന്ഥത്തിലൂടെയോ നബി (ﷺ) അവിടുത്തെ ഹദീഥുകളിലൂടെയോ അറിയിച്ചതെല്ലാം- ഓരോ മുസ്ലിമും വിശ്വസിച്ചിരിക്കണം. മനുഷ്യൻ മരിക്കുന്നതാണെന്നും, അവൻ പുനരുജ്ജീവിപ്പിക്കപ്പെടുന്നതാണെന്നും, ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നതാണെന്നും, അന്ത്യനാളിൽ ശുപാർശയുണ്ടെന്നും, പ്രവർത്തനങ്ങൾ തൂക്കപ്പെടുന്ന തുലാസുകളുണ്ടെന്നും, വിചാരണയും സ്വർഗനരകങ്ങളുമുണ്ടെന്നും അവൻ വിശ്വസിക്കണം.

 

ഈമാനിൻ്റെ ആറാമത്തെ സ്തംഭം

അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിലും, അതിൻ്റെ നന്മയിലും തിന്മയിലുമുള്ള വിശ്വാസം

അല്ലാഹു പറയുന്നു: {തീർച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു} [ഖമർ: 49].

  • ഈ ലോകത്ത് സൃഷ്ടികളെ ബാധിക്കുന്ന ഏതൊരു സംഭവവും അല്ലാഹു അറിഞ്ഞു കൊണ്ടും, അവൻ്റെ നിർണ്ണയപ്രകാരവും അവൻ്റെ മാത്രം നിയന്ത്രണത്തിലുമാണെന്നും അതിൽ ഒരു പങ്കാളിയുമില്ലെന്നും ഓരോ മുസ്ലിമും ഉറച്ചു വിശ്വസിക്കണം. ഈ വിധിക്കപ്പെട്ട കാര്യങ്ങളെല്ലാം മനുഷ്യൻ്റെ സൃഷ്ടിപ്പിന് മുൻപ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്നും അവൻ വിശ്വസിക്കണം. അതോടൊപ്പം മനുഷ്യന് ഉദ്ദേശവും തീരുമാനവും എടുക്കാൻ കഴിയുമെന്നും, അവൻ്റെ പ്രവർത്തനങ്ങളെല്ലാം അവൻ തന്നെയാണ് ചെയ്യുന്നതെന്നും അവൻ വിശ്വസിക്കണം. എന്നാൽ ഇതെല്ലാം അല്ലാഹുവിൻ്റെ അറിവിനും ഉദ്ദേശത്തിനും തീരുമാനത്തിനും കീഴിൽ മാത്രമാണ്.

അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിലുള്ള വിശ്വാസം നിലകൊള്ളുന്നത് നാല് പദവികളിലായാണ്. അവ താഴെ പറയാം:

  • 1 സർവ്വ വിശാലമായ അല്ലാഹുവിൻ്റെ അറിവിലുള്ള വിശ്വാസം.
  • 2 അന്ത്യനാൾ വരെ സംഭവിക്കാനിരിക്കുന്നതെല്ലാം അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു എന്ന വിശ്വാസം.
  • 3 പൂർണ്ണമായും നടപ്പിലാക്കപ്പെടുന്ന അല്ലാഹുവിൻ്റെ ഉദ്ദേശത്തിലും, സമ്പൂർണ്ണമായ അവൻ്റെ ശക്തിയിലുമുള്ള വിശ്വാസം. അല്ലാഹു ഉദ്ദേശിച്ചതെല്ലാം ഉണ്ടാകും. അവൻ ഉദ്ദേശിക്കാത്തതൊന്നും ഉണ്ടാവുകയില്ല.
  • 4 അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണെന്നും, അവൻ്റെ സൃഷ്ടിപ്പിൽ അവന് യാതൊരു പങ്കുകാരനുമില്ലെന്നുമുള്ള വിശ്വാസം.

ഞാൻ വുദൂഅ് ചെയ്യാൻ പഠിക്കട്ടെ!

അല്ലാഹു (سبحانه وتعالى) പറഞ്ഞു: {തീർച്ചയായും അല്ലാഹു ധാരാളമായി പശ്ചാത്തപിക്കുന്നവരെയും ധാരാളമായി ശുദ്ധീകരിക്കുന്നവരെയും ഇഷ്ടപ്പെടുന്നു} [ബഖറ 222].

നബി (ﷺ) പറഞ്ഞു: “ആരെങ്കിലും എൻ്റെ ഈ വുദു പോലെ വുദു നിർവ്വഹിക്കുകയും, ശേഷം -ഹൃദയസാന്നിദ്ധ്യത്തോടെ- രണ്ട് റക്അത്തുകൾ നിസ്കരിക്കുകയും ചെയ്താൽ അല്ലാഹു അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ അവന് പൊറുത്തു കൊടുക്കുന്നതാണ്”.

നമസ്കാരം നിർവ്വഹിക്കുന്നതിന് മുൻപ് ശുദ്ധി വരുത്തണമെന്ന നിയമം അല്ലാഹു നിശ്ചയിച്ചതും അതിനെ നിസ്കാരത്തിനുള്ള നിബന്ധനയാക്കിയതും നമസ്കാരത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്തുന്ന കാര്യങ്ങളിലൊന്നാണ്. നമസ്കാരത്തിൻ്റെ താക്കോലാണ് ശുദ്ധീകരണം. അതിൻ്റെ ശ്രേഷ്ഠത മനസ്സിലാക്കുന്നത് നമസ്കാരത്തിനോട് ഹൃദയത്തിൽ ആഗ്രഹം ജനിപ്പിക്കാൻ കാരണമാകും.

നബി (ﷺ) പറഞ്ഞു: “ശുദ്ധി വരുത്തൽ ഈമാനിൻ്റെ പകുതിയാണ്... നമസ്കാരം പ്രകാശവുമാണ്”.

നബി -ﷺ- പറഞ്ഞു: “ആരെങ്കിലും വുദ്വു എടുക്കുകയും, തൻ്റെ വുദ്വു നന്നാക്കുകയും ചെയ്താൽ തിന്മകൾ അവൻ്റെ ശരീരത്തിൽ നിന്ന് പുറത്തു പോകുന്നതാണ്”.

തൻ്റെ രക്ഷിതാവിന് മുൻപിലേക്ക് ശുദ്ധമായ ശരീരവും മനസ്സുമായാണ് ഒരടിമ നമസ്കാരത്തിനായി നിൽക്കേണ്ടത്. അല്ലാഹുവിന് മാത്രം നിഷ്കളങ്കമായ ഹൃദയവും, നബി (ﷺ) യുടെ മാർഗം പിൻപറ്റിക്കൊണ്ടുമായിരിക്കണം അവൻ നമസ്കരിക്കേണ്ടത്.

വുദൂഅ് ചെയ്യൽ നിർബന്ധമായ കാര്യങ്ങൾ:

  • 1 എല്ലാ നമസ്കാരങ്ങൾക്കും -നിർബന്ധമായതിനും സുന്നത്തായതിനും- വുദൂഅ് ചെയ്യണം.
  • 2 കഅ്ബ ത്വവാഫ് ചെയ്യുന്നതിന്.
  • 3
     മുസ്ഹഫ് സ്പർശിക്കുന്നതിന്.
  • ശുദ്ധീകരിക്കാൻ കഴിവുള്ള ‘ത്വഹൂറായ’ വെള്ളം കൊണ്ടാണ് ഞാൻ വുദുവെടുക്കേണ്ടതും കുളിക്കേണ്ടതും.
  • ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇറങ്ങിയതോ, ഭൂമിയിൽ നിന്ന് ഉറവ പൊട്ടിയതോ ആയ, വെള്ളത്തിൻ്റെ അടിസ്ഥാന രൂപത്തിൽ -അതിൻ്റെ നിറത്തിനോ മണത്തിനോ രുചിക്കോ- മാറ്റം വരാതെ നിലനിൽക്കുന്ന വെള്ളം 'ത്വഹൂറായ' വെള്ളമാണ്. എന്നാൽ ശുദ്ധീകരിക്കാനുള്ള വെള്ളത്തിൻ്റെ കഴിവ് നഷ്ടപ്പെടുത്തുന്ന രൂപത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നാൽ അത് ത്വഹൂറായ വെള്ളമല്ല.

ഞാൻ വുദൂഅ് ചെയ്യാൻ പഠിക്കട്ടെ!

മനസ്സിൽ നിയ്യത്ത് വെക്കുക.

അല്ലാഹുവിലേക്ക് സാമീപ്യം ആഗ്രഹിച്ചു കൊണ്ട് നിശ്ചിത ആരാധന നിർവ്വഹിക്കാൻ ഹൃദയം കൊണ്ട് ഉറച്ച തീരുമാനമെടുക്കുന്നതിനാണ് നിയ്യത്ത് എന്ന് പറയുന്നത്.

രണ്ട് കൈപ്പത്തികളും കഴുകുക.

വായിൽ വെള്ളം കയറ്റി കൊപ്ലിക്കുക.

വായിലേക്ക് വെള്ളം പ്രവേശിപ്പിച്ച ശേഷം വെള്ളം വായിലിട്ട് കുലുക്കുകയും, ശേഷം പുറത്തേക്ക് കളയുകയും ചെയ്യലാണ് ഇതിൻ്റെ രൂപം.

മൂക്കിൽ വെള്ളം കയറ്റുക.

വെള്ളം മൂക്കിൻ്റെ അറ്റത്തേക്ക് എത്തുന്നതു വരെ വലിച്ചു കയറ്റുകയാണ് വേണ്ടത്.

മുഖം കഴുകുക.

മുഖത്തിൻ്റെ അതിരുകൾ:  ഒരാൾ ചുറ്റുമുള്ളവരെ അഭിമുഖീകരിക്കുന്ന ഭാഗമാണ് അവൻ്റെ മുഖം.

രണ്ട് ചെവികൾക്കിടയിലാണ് മുഖത്തിൻ്റെ വീതി.

സാധാരണയായി തലമുടി മുളക്കാറുള്ള ഭാഗം മുതൽ കീഴ്ത്താടിയുടെ അറ്റം വരെയാണ് മുഖത്തിൻ്റെ നീളം.

ചെവിയുടെയും കൃതാവിൻ്റെയും ഇടയിലുള്ള സ്ഥലത്തിന് അറബിയിൽ ബയാള് എന്ന് പറയും.

ചെവിയുടെ മുകളിൽ ഉയർന്നു നിൽക്കുന്ന എല്ലിന് മുകൾ മുതൽ ചെവിയുടെ അടിഭാഗം വരെയുള്ള സ്ഥലത്ത് കാണപ്പെടുന്ന രോമമാണ് ഇപ്രകാരം കഴുകേണ്ടത്.

തിങ്ങിയ താടിയുള്ളവർ താടിയുടെ പുറംഭാഗവും, താടിയുടെ താഴേക്കിറങ്ങിയ ഭാഗവും കഴുകേണ്ടതുണ്ട്. ഇതും മുഖം കഴുകുന്നതിൽ ഉൾപ്പെടും.

രണ്ട് കൈകളുടെയും വിരലുകളുടെ അറ്റം മുതൽ മുട്ടുകൾ വരെ കഴുകുക.

കൈകൾ കഴുകുമ്പോൾ മുട്ടുകൾ ഉൾപ്പടെയാണ് കഴുകേണ്ടത്.

തല മുഴുവനായി രണ്ട് കൈകളും കൊണ്ട് തടവുക. അതോടൊപ്പം ചെവിയും തടവുക. ഇത് ഒരു തവണ ചെയ്താൽ മതി.

തലയുടെ മുൻഭാഗത്ത് നിന്ന് തുടങ്ങി രണ്ട് കൈകളും തൻ്റെ പിരടി വരെ കൊണ്ടു പോവുകയും, ശേഷം തുടങ്ങിയേടത്തേക്ക് തിരിച്ചു കൊണ്ടുവരികയുമാണ് വേണ്ടത്. ഇതേ സമയം തള്ളവിരലുകൾ കൊണ്ട് പുറംചെവി തടവുക. ഇപ്രകാരം ചെവിയുടെ ഉള്ളും പുറവും തടവേണ്ടതുണ്ട്.

രണ്ട് കാലുകളുടെയും വിരലുകളുടെ അറ്റം മുതൽ രണ്ട് നെരിയാണികൾ വരെ കഴുകുക. കാലുകൾ കഴുകുമ്പോൾ മടമ്പുകൾ കൂടി അതിൽ ഉൾപ്പെടണം.

കാലിൻ്റെ വശങ്ങളിലേക്ക് ഉന്തിനിൽക്കുന്ന എല്ലുകളാണ് നെരിയാണി എന്നത് കൊണ്ട് ഉദ്ദേശം.

വുദൂഅ് മുറിക്കുന്ന കാര്യങ്ങൾ 

  • 1 രണ്ട് ഗുഹ്യസ്ഥാനങ്ങളിലൂടെ വല്ലതും പുറത്തു വരിക. മൂത്രം, മലം, കീഴ്ശ്വാസം, ശുക്ലം, മേദസ്സ് പോലുള്ളവ.
  • 2 ബുദ്ധി നഷ്ടപ്പെടൽ. ആഴത്തിലുള്ള ഉറക്കത്താലോ, ബോധം മറഞ്ഞതിനാലോ, ലഹരി കഴിച്ചതിനാലോ, ഭ്രാന്ത് ബാധിച്ചതിനാലോ ബുദ്ധി മറഞ്ഞാൽ വുദൂഅ് മുറിയും.
  • 3 കുളി നിർബന്ധമാക്കുന്ന എല്ലാ കാര്യങ്ങളും വുദൂഅ് മുറിക്കും. ജനാബത്ത് (ലൈംഗികബന്ധം) സംഭവിക്കൽ, ആർത്തവരക്തമോ പ്രസവരക്തമോ ഉണ്ടാവുക എന്നിവ ഉദാഹരണങ്ങളാണ്.

ഒരാൾ മലമൂത്ര വിസർജനം നിർവ്വഹിച്ചാൽ ശേഷം ശുദ്ധീകരിക്കാൻ കഴിവുള്ള 'ത്വഹൂറായ' വെള്ളം കൊണ്ട് അയാൾ തൻ്റെ മേലുള്ള മാലിന്യം ശുദ്ധീകരിക്കണം. വെള്ളം കൊണ്ട് ശുചിയാക്കലാണ് ഏറ്റവും ശ്രേഷ്ഠം. എന്നാൽ മാലിന്യം നീക്കാൻ സാധിക്കുന്ന കല്ലുകളോ ഇലകളോ തുണിയോ മറ്റോ ഉപയോഗപ്പെടുത്തുന്നതും അനുവദനീയമാണ്. എന്നാൽ മാലിന്യം പൂർണ്ണമായും വൃത്തിയാക്കുന്ന രൂപത്തിൽ, ശുദ്ധിയുള്ളതും അനുവദനീയമായതുമായ വസ്തു കൊണ്ട് മൂന്ന് തവണ തടവൽ നിർബന്ധമാണ്.

ഖുഫ്ഫകളുടെയും കാലുറകളുടെയും മേൽ തടവൽ

ഖുഫ്ഫകളോ (ഷൂസുകൾക്ക് സമാനമായ പാദരക്ഷ) കാലുറകളോ ധരിച്ചവർക്ക് അവ ഊരിയതിന് ശേഷം കാൽ കഴുകാതെ അവയുടെ മേൽ തടവാനുള്ള ഇളവുണ്ട്. എന്നാൽ ഇത് ശരിയാകണമെങ്കിൽ ചില നിബന്ധനകളുണ്ട്. അവ താഴെ പറയാം:

  • 1 ചെറിയ അശുദ്ധിയോ വലിയ അശുദ്ധിയോ ശുദ്ധീകരിക്കുന്നതിന് വേണ്ടി പൂർണ്ണമായ ശുദ്ധീകരണം നടത്തിയ ശേഷം -കാലുകളടക്കം കഴുകിയതിന് ശേഷമായിരിക്കണം കാലുറകൾ ധരിച്ചത്.
  • 2 കാലുറകൾ ശുദ്ധമായിരിക്കണം; അവ തന്നെ മാലിന്യമാകാൻ പാടില്ല.
  • 3 നിശ്ചയിക്കപ്പെട്ട കാലപരിധിക്കുള്ളിലായിരിക്കണം കാലുറകൾക്ക് മേൽ തടവുന്നത്.
  • 4 അനുവദിക്കപ്പെട്ട കാലുറകളായിരിക്കണം ധരിച്ചിരിക്കുന്നത്. മോഷ്ടിച്ചതോ തട്ടിപ്പറിച്ചതോ ആകാൻ പാടില്ല.
  • മൃഗങ്ങളുടെ നേരിയ തൊലികൾ കൊണ്ടും മറ്റും നിർമ്മിച്ചിരുന്ന പാദരക്ഷകൾക്കാണ് ഖുഫ്ഫകൾ എന്ന് പറയുക. നെരിയാണികൾ അടക്കം മറക്കുന്ന ഷൂസുകൾ അവക്ക് തുല്യമാണ്.
  • തുണിക്കഷ്ണമോ മറ്റോ കൊണ്ട് നിർമ്മിച്ച, കാലുകളിൽ ധരിക്കുന്ന ഉറകളാണ് ഷോക്സുകൾ.

ഖുഫ്ഫകളുടെയും കാലുറകളുടെയും മേൽ തടവൽ

ഖുഫ്ഫകളുടെ മേൽ തടവുന്നതിന് പിന്നിലുള്ള യുക്തി:

മുസ്ലിമീങ്ങൾക്ക് ഇളവും എളുപ്പവും നൽകുക എന്നതാണ് ഈ മതവിധിയുടെ പിന്നിലുള്ള ഉദ്ദേശം. ഖുഫ്ഫകളും കാലുറകളും ഊരിയ ശേഷം കാലുകൾ കഴുകുക എന്നത് പ്രയാസകരമാണ്. പ്രത്യേകിച്ചും കടുത്ത തണുപ്പുള്ള ശൈത്യകാലങ്ങളിലും, യാത്രാവേളകളിലും.

ഖുഫ്ഫയുടെ മേൽ തടവാനുള്ള കാലപരിധി:

നാട്ടിൽ താമസിക്കുന്നവന്: ഒരു പകലും രാത്രിയും (24 മണിക്കൂർ)

യാത്രക്കാരന്: മൂന്ന് പകലുകളും മൂന്ന് രാത്രികളും (72 മണിക്കൂർ)

ഖുഫ്ഫയിൽ തടവുന്നതിൻ്റെ കാലപരിധി ആരംഭിക്കുക അശുദ്ധി സംഭവിച്ചതിന് ശേഷം ആദ്യമായി ഖുഫ്ഫയിലോ കാലുറയിലോ തടവിയത് മുതലാണ്.

ഖുഫ്ഫയുടെയും കാലുറകളുടെയും മേൽ തടവുന്നതിൻ്റെ രൂപം:

  • 1
    രണ്ടു കൈകളും നനക്കുക.
  • 2കാലിൻ്റെ മുകൾ ഭാഗത്തു കൂടെ കൈകൾ കൊണ്ട് തടവുക (വിരലുകളുടെ അറ്റം മുതൽ കണങ്കാലിൻ്റെ തുടക്കം വരെ ഇപ്രകാരം തടവണം).
  • 3വലതു കാൽ വലതു കൈ കൊണ്ടും, ഇടതു കാൽ ഇടതു കൈ കൊണ്ടുമാണ് തടവേണ്ടത്.

ഖുഫ്ഫയുടെ മേൽ തടവുന്നത് നിഷ്ഫലമാക്കുന്ന അവസ്ഥകൾ:

  • 1 കുളി നിർബന്ധമാകുന്ന എന്തെങ്കിലും സംഭവിച്ചാൽ.
  • 2 ഖുഫ്ഫയുടെ മേൽ തടവാനുള്ള കാലപരിധി അവസാനിച്ചാൽ.

ജനാബത് കുളി

പുരുഷനോ സ്ത്രീയോ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയോ, അവരിൽ നിന്ന് ആസ്വാദനത്തോടെ -ഉണർച്ചയിലോ ഉറക്കത്തിലോ- ശുക്ലം സ്ഖലിക്കുകയോ ചെയ്താൽ അവർ കുളിക്കുക എന്നത് നിർബന്ധമാണ്. നമസ്കാരം നിർവ്വഹിക്കണമെങ്കിലോ, ശുദ്ധി നിർബന്ധമായ മറ്റെന്തെങ്കിലും കാര്യത്തിനോ മുൻപോ കുളിച്ചിരിക്കണം. ഇതു പോലെ, സ്ത്രീകൾ ആർത്തവരക്തമോ പ്രസവരക്തമോ വരുന്നത് അവസാനിച്ച് ശുദ്ധിയായാൽ അവരും -നമസ്കാരം നിർവ്വഹിക്കുന്നതിനോ ശുദ്ധി നിർബന്ധമായ കാര്യത്തിനോ വേണ്ടി- നിർബന്ധമായും കുളിക്കണം.

ജനാബത് കുളി

കുളിയുടെ രൂപം താഴെ പറയുന്നത് പോലെയാണ്:

തൻ്റെ ശരീരം മുഴുവൻ വെള്ളം കൊണ്ട് -ഏതു രൂപത്തിലാണെങ്കിലും- നനക്കുക എന്നതാണ് കുളിയുടെ രൂപം. വായിൽ വെള്ളം കൊപ്ലിക്കുകയും, മൂക്കിൽ വെള്ളം കയറ്റുകയും ചെയ്യുന്നത് കുളിയുടെ ഭാഗമാണ്. ചുരുക്കത്തിൽ ഒരാൾ തൻ്റെ ശരീരം മുഴുവൻ വെള്ളമാക്കിയാൽ അവൻ്റെ വലിയ അശുദ്ധി നീങ്ങുകയും, അവൻ്റെ ശുദ്ധീകരണം പൂർത്തിയാവുകയും ചെയ്തിരിക്കുന്നു.

ജനാബത്തുകാരൻ താഴെ പറയുന്ന കാര്യങ്ങൾ കുളിക്കുന്നത് വരെ ചെയ്യാൻ പാടില്ല:

  • 1നമസ്കാരം.
  • 2കഅ്ബ ത്വവാഫ് ചെയ്യൽ.
  • 3 മസ്ജിദിൽ സമയം ചെലവഴിക്കൽ. എന്നാൽ മസ്ജിദിലൂടെ -അധികസമയം ചെലവഴിക്കാതെ- നടന്നു പോവുക എന്നത് അവന് അനുവദനീയമാണ്.
  • 4മുസ്ഹഫ് സ്പർശിക്കൽ.
  • 5
    ഖുർആൻ പാരായണം.

തയമ്മും

ശുദ്ധീകരിക്കാനുള്ള വെള്ളം ലഭിച്ചില്ലെങ്കിലും, രോഗമോ മറ്റോ കാരണത്താൽ വെള്ളം ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിലും -നമസ്കാരത്തിൻ്റെ സമയം അവസാനിക്കുമെന്ന് ഭയന്നാൽ- അവന് മണ്ണു കൊണ്ട് തയമ്മും ചെയ്യാം

തയമ്മും

തയമ്മുമിൻ്റെ രൂപം: തൻ്റെ രണ്ട് കൈകൾ കൊണ്ട് മണ്ണിൽ ഒരു തവണ അടിക്കുകയും, ശേഷം രണ്ട് കൈപത്തികൾ കൊണ്ടും മുഖവും രണ്ട് കൈപ്പത്തികളും തടവുകയും ചെയ്യലാണ്. ശുദ്ധിയുള്ള മണ്ണിന് മേലെയായിരിക്കണം അടിക്കുന്നത് എന്ന നിബന്ധന പാലിക്കാൻ ശ്രദ്ധിക്കണം.

തയമ്മും നിഷ്ഫലമാക്കുന്ന കാര്യങ്ങൾ താഴെ പറയാം:

  • 1 വുദു മുറിക്കുന്ന എല്ലാ കാര്യങ്ങളും തയമ്മുമിനെയും നിഷ്ഫലമാക്കും.
  • 2 തയമ്മും ചെയ്ത ശേഷം നിർവ്വഹിക്കാൻ പോകുന്ന ആരാധനാകർമ്മം ആരംഭിക്കുന്നതിന് മുൻപ് വുദു ചെയ്യാൻ വെള്ളം ലഭ്യമാവുകയോ, വെള്ളം ഉപയോഗിക്കാൻ സാധ്യമാകുന്ന സാഹചര്യം ഉണ്ടാവുകയോ ചെയ്താൽ.

ഞാൻ നമസ്കാരം പഠിക്കട്ടെ!

നമസ്കാരത്തിനായി ഒരുങ്ങാം!

  • നമസ്കാരത്തിനുള്ള സമയമായാൽ ചെറിയ അശുദ്ധിയിൽ നിന്നും -വലിയ അശുദ്ധിയുണ്ടെങ്കിൽ- അതിൽ നിന്നും ഓരോ മുസ്ലിമും ശുദ്ധി വരുത്തണം.

വലിയ അശുദ്ധിയെന്നാൽ കുളി നിർബന്ധമാക്കുന്ന കാര്യങ്ങളാണ്.

ചെറിയ അശുദ്ധിയെന്നാൽ വുദൂഅ് നിർബന്ധമാക്കുന്ന കാര്യങ്ങളും.

  • ശുദ്ധിയുള്ള വസ്ത്രങ്ങൾ ധരിച്ച്, മാലിന്യങ്ങളൊന്നുമില്ലാത്ത ഒരു സ്ഥലത്ത്, മറച്ചു വെക്കേണ്ട ശരീരഭാഗങ്ങൾ മറച്ചു കൊണ്ടാണ് ഓരോ മുസ്ലിമും നമസ്കരിക്കേണ്ടത്.
  • നമസ്കാരത്തിൻ്റെ സന്ദർഭത്തിൽ അതിന് അനുയോജ്യമായ -ഭംഗിയുള്ള- വസ്ത്രം ധരിക്കണം. തൻ്റെ ശരീരം മറക്കേണ്ടത് അതു കൊണ്ടായിരിക്കണം. പുരുഷനെ സംബന്ധിച്ചിടത്തോളം നമസ്കാരവേളയിൽ തൻ്റെ പൊക്കിളിനും കാൽ മുട്ടിനുമിടയിലുള്ള ഭാഗം പുറത്തേക്ക് കാണിക്കാൻ പാടില്ല.
  • നമസ്കാരത്തിൽ പറയേണ്ട വാക്കുകളല്ലാതെ മറ്റൊരു സംസാരവും നമസ്കാരവേളയിൽ സംസാരിക്കാൻ പാടില്ല. ഇമാമിൻ്റെ (നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തിയുടെ) വാക്കുകൾ അവൻ ശ്രദ്ധയോടെ കേൾക്കണം. നമസ്കാരത്തിൽ അവിടെയുമിവിടെയും തിരിഞ്ഞു നോക്കരുത്. നമസ്കാരത്തിൽ പറയേണ്ട വാക്കുകൾ മനപാഠമാക്കാൻ കഴിഞ്ഞിലെങ്കിൽ അല്ലാഹുവിനെ സ്മരിച്ചു കൊണ്ടും അവന് തസ്ബീഹ് ചൊല്ലിക്കൊണ്ടും (സുബ്ഹാനല്ലാഹ് എന്ന് പറഞ്ഞു കൊണ്ട്) നമസ്കാരം അവസാനിക്കുന്നത് വരെ അവൻ നിലയുറപ്പിക്കണം. എന്നാൽ നമസ്കാരത്തിൽ പറയേണ്ട വാക്കുകൾ പെട്ടെന്നു തന്നെ പഠിച്ചെടുക്കാൻ അവൻ വളരെയധികം ശ്രമിക്കേണ്ടതുണ്ട്.

ഞാൻ നമസ്കാരം പഠിക്കട്ടെ!

ഏത് നമസ്കാരമാണോ നിർവ്വഹിക്കാൻ ഉദ്ദേശിക്കുന്നത്, അത് നിർവ്വഹിക്കാൻ പോകുന്നു എന്ന നിയ്യത്ത് വെക്കുക. നിയ്യത്തിൻ്റെ സ്ഥാനം ഹൃദയമാണ്.
വുദൂഅ് എടുത്തതിന് ശേഷം ഖിബ്ലക്ക് നേരെ തിരിയുക; നിൽക്കാൻ കഴിയുമെങ്കിൽ നിന്നു കൊണ്ടാണ് നമസ്കരിക്കേണ്ടത്.

രണ്ട് കൈകളും തോളിന് നേരെയാകുന്ന വിധം ഉയർത്തിക്കൊണ്ട് പറയുക: ‘അല്ലാഹു അക്ബർ’ (അല്ലാഹുവാകുന്നു ഏറ്റവും വലിയവൻ). നമസ്കാരത്തിലേക്ക് പ്രവേശിക്കുന്നു എന്ന നിയ്യത്ത് അവനുണ്ടായിരിക്കണം.

നബി (ﷺ) പഠിപ്പിച്ചു നൽകിയ പ്രാരംഭപ്രാർത്ഥനകളിൽ ഏതെങ്കിലുമൊന്ന് ചൊല്ലുക. അതിൽ പെട്ട ഒരു പ്രാർത്ഥന ഇപ്രകാരമാണ്: (സാരം) “അല്ലാഹുവെ! നീയെത്ര പരിശുദ്ധൻ! നിന്നെ ഞാൻ സ്തുതിക്കുന്നു. നിന്റെ നാമം എല്ലാ നന്മകളും നിറഞ്ഞതാകുന്നു. നിന്റെ മഹത്വം ഉന്നതമാകുന്നു. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല.”

ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കുക. അതിനായി ഇപ്രകാരം പറയുക: (സാരം) “ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്നും അല്ലാഹുവിനോട് ഞാൻ ശരണം തേടുന്നു.”

എല്ലാ റക്അത്തുകളിലും സൂറത്തുൽ ഫാതിഹഃ പാരായണം ചെയ്യുക. ഇപ്രകാരമാണ് ഫാതിഹഃ ചൊല്ലേണ്ടത്: {(സാരം) പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ (1) സർവ്വ സ്തുതികളും സർവ്വലോക പരിപാലകനായ അല്ലാഹുവിനാകുന്നു (2) പരമകാരുണികനും കരുണാനിധിയുമായ (അല്ലാഹുവിന്) (3) പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന് (4) നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു (5) ഞങ്ങളെ നീ നേരായ മാർഗത്തിൽ (ഇസ്ലാമിൽ) ചേർക്കേണമേ (6) നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ. കോപത്തിന്ന് ഇരയായവരുടെ മാർഗത്തിലല്ല. പിഴച്ചുപോയവരുടെ മാർഗത്തിലുമല്ല (7)}.

ഫാതിഹഃ പാരായണം ചെയ്ത ശേഷം ഖുർആനിൽ നിന്ന് നിനക്ക് കഴിയുന്നത് പാരായണം ചെയ്യുക; എല്ലാ നമസ്കാരത്തിലെയും ആദ്യത്തെയും രണ്ടാമത്തെയും റക്അത്തുകളിലേ ഇപ്രകാരം ചെയ്യേണ്ടതുള്ളൂ. ഇങ്ങനെ ചെയ്യുക എന്നത് നിർബന്ധമല്ല എങ്കിലും അതിൽ മഹത്തരമായ പ്രതിഫലമുണ്ട്.

 ‘അല്ലാഹു അക്ബർ’ എന്ന് പറഞ്ഞു കൊണ്ട് റുകൂഇലേക്ക് പോവുക. റുകൂഇൽ നിൽക്കുമ്പോൾ ഒരാളുടെ മുതുക് നേരെയാക്കുകയും, അയാളുടെ രണ്ട് കൈകളും കാൽമുട്ടുകൾക്ക് മേൽ വെക്കുകയും വേണം. കയ്യിലെ വിരലുകൾ പരത്തി കൊണ്ടാണ് കാൽ മുട്ടിൽ വെക്കേണ്ടത്. ശേഷം റുകൂഇൽ ‘സുബ്ഹാന റബ്ബിയൽ അദീം’ (സാരം:അതീവമഹത്വമുള്ളവനായ എൻ്റെ രക്ഷിതാവാവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു) എന്ന് പറയുക.

റുകൂഇൽ നിന്ന് ‘സമിഅല്ലാഹു ലിമൻ ഹമിദ’ (സാരം: അല്ലാഹുവിനെ സ്തുതിച്ചവനെ അവൻ കേട്ടിരിക്കുന്നു) എന്ന് പറഞ്ഞു കൊണ്ട് ഉയരുക. റുകൂഇൽ നിന്ന് വരുമ്പോൾ കൈകൾ തോളുകൾക്ക് നേരെ വരുന്ന രൂപത്തിൽ ഉയർത്തുകയും വേണം. ശരീരം നേരെ നിന്നു കഴിഞ്ഞാൽ പറയുക: ‘റബ്ബനാ വലകൽ ഹംദ്’ (ഞങ്ങളുടെ രക്ഷിതാവേ! സർവ്വ സ്തുതികളും നിനക്ക് മാത്രം).

‘അല്ലാഹു അക്ബർ’ എന്നു പറഞ്ഞു കൊണ്ട് സുജൂദ് (സാഷ്ടാംഗം) ചെയ്യുക. രണ്ട് കൈകൾ, രണ്ട് കാൽ മുട്ടുകൾ, രണ്ട് കാല്പാദങ്ങൾ, നെറ്റിയും മൂക്കും; എന്നിവ നിലത്ത് സ്പർശിക്കുന്ന രൂപത്തിലാണ് സുജൂദ് ചെയ്യേണ്ടത്. സുജൂദിൽ ‘സുബ്ഹാന റബ്ബിയൽ അഅ്ലാ’ (അത്യുന്നതനായ എൻ്റെ രക്ഷിതാവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു) എന്ന് പറയുക.

‘അല്ലാഹു അക്ബർ’ എന്നു പറഞ്ഞു കൊണ്ട് സുജൂദിൽ നിന്ന് ഉയരുക. പുറം നേരെയാക്കി, ഇടതു കാലിന് മുകളിൽ ഇരിക്കുകയും, വലതു കാൽ നാട്ടി വെക്കുകയും ചെയ്യുക. ഈ ഇരുത്തത്തിൽ ‘റബ്ബിഗ്ഫിർലീ’ (സാരം: എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു നൽകേണമേ!) എന്നാണ് പറയേണ്ടത്.

ഒന്നാമത്തെ തവണ സുജൂദ് ചെയ്തതു പോലെ ‘അല്ലാഹു അക്ബർ’ എന്നു പറഞ്ഞു കൊണ്ട് ഒരിക്കൽ കൂടി സുജൂദ് ചെയ്യുക.

‘അല്ലാഹു അക്ബർ’ എന്നു പറഞ്ഞു കൊണ്ട് സുജൂദിൽ നിന്ന് ഉയരുക. ശേഷം എഴുന്നേറ്റു നിൽക്കുകയും, ഒന്നാമത്തെ റക്അത്തിൽ ചെയ്തതു പോലെ ബാക്കിയുള്ള റക്അത്തുകളിലും ചെയ്യുക.

ദ്വുഹ്ർ, അസ്ർ, മഗ്രിബ്, ഇശാഅ് എന്നീ നമസ്കാരങ്ങളിൽ രണ്ടാമത്തെ റക്അത്ത് കഴിഞ്ഞതിന് ശേഷം ‘തശഹ്ഹുദ്’ ചൊല്ലുന്നതിനായി ഇരിക്കണം. തശഹ്ഹുദിൽ പറയേണ്ടത് ഇപ്രകാരമാണ്: (സാരം) “സർവ്വ അഭിവാദനങ്ങളും ആരാധനാകർമ്മങ്ങളും സൽകർമ്മങ്ങളും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും -നബിയേ- താങ്കൾക്ക് മേലെയുണ്ടാകട്ടെ! നമ്മുടെ മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ അടിമകളുടെ മേലും അല്ലാഹുവിൻ്റെ രക്ഷയുണ്ടാകട്ടെ! അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.” അതിന് ശേഷം മൂന്നാമത്തെ റക്അത്തിനായി എഴുന്നേൽക്കുക.

എല്ലാ നമസ്കാരങ്ങളിലെയും അവസാനത്തെ റക്അത്തിൽ അവസാന തശ്ഹ്ഹുദിനായി ഇരിക്കണം. അതിൽ പറയേണ്ടത് ഇപ്രകാരമാണ്: (സാരം) “സർവ്വ അഭിവാദനങ്ങളും ആരാധനാകർമ്മങ്ങളും സൽകർമ്മങ്ങളും അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും -നബിയേ- താങ്കൾക്ക് മേലെയുണ്ടാകട്ടെ! നമ്മുടെ മേലും, അല്ലാഹുവിൻ്റെ സച്ചരിതരായ അടിമകളുടെ മേലും അല്ലാഹുവിൻ്റെ രക്ഷയുണ്ടാകട്ടെ! അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിയുടെയും അദ്ദേഹത്തിൻ്റെ കുടുംബത്തിനും മേൽ നീ സ്വലാത്ത് വർഷിച്ചതു (അല്ലാഹുവിൻ്റെ ഉന്നതമായ സദസ്സിൽ അവൻ നബിയെ സ്മരിക്കലാണ് അല്ലാഹുവിൻ്റെ സ്വലാത്ത് എന്നത് കൊണ്ടുള്ള ഉദ്ദേശം) പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ കുടുംബത്തിന് മേലും നീ സ്വലാത്ത് വർഷിക്കേണമേ. തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും അതീവ മഹത്വമുള്ളവനുമാകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബിയുടെയും അദ്ദേഹത്തിൻ്റെ കുടുംബത്തിനും മേൽ നീ അനുഗ്രഹം ചൊരിഞ്ഞതു പോലെ, മുഹമ്മദ് നബിയുടെ മേലും അവിടുത്തെ കുടുംബത്തിന് മേലും നീ അനുഗ്രഹം ചൊരിയേണമേ! തീർച്ചയായും നീ അങ്ങേയറ്റം സ്തുത്യർഹനും അതീവ മഹത്വമുള്ളവനുമാകുന്നു.”

അതിന് ശേഷം വലതു ഭാഗത്തേക്ക് മുഖം തിരിച്ചു കൊണ്ട് സലാം പറയുക. ‘അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്’ (നിങ്ങൾക്ക് മേൽ അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും ഉണ്ടാകട്ടെ) എന്ന് പറയുക. ശേഷം ഇടതു ഭാഗത്തേക്ക് തിരിഞ്ഞു കൊണ്ട് ‘അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്’ എന്ന് പറയുക. നമസ്കാരത്തിൽ നിന്ന് പുറത്തു കടക്കുന്നതായി ഇതോടെ മനസ്സിൽ കരുതാം. ഇത്രയും ചെയ്താൽ നീ നമസ്കാരം നിർവ്വഹിച്ചു കഴിഞ്ഞു.

മുസ്ലിം സ്ത്രീയുടെ ഹിജാബ്

അല്ലാഹു പറയുന്നു: {നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെമേൽ താഴ്ത്തിയിടാൻ പറയുക: അവർ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു} {അഹ്സാബ്: 59}.

അന്യപുരുഷന്മാരിൽ നിന്ന് തൻ്റെ ഔറത്ത് വെളിവാക്കാത്തതും, ശരീരം മുഴുവനും മറക്കുന്നതുമായ വസ്ത്രം (ഹിജാബ്) ധരിക്കണമെന്നത് അല്ലാഹു ഓരോ മുസ്ലിം സ്ത്രീയുടെ മേലും നിർബന്ധമാക്കിയിരിക്കുന്നു. (ഇപ്രകാരം ശരീരം മറക്കുന്ന,) ഓരോരുത്തരുടെയും നാട്ടിൽ പൊതുവെ ധരിക്കുന്ന വസ്ത്രമാണ് അവൾ ധരിക്കേണ്ടത്. തൻ്റെ ഭർത്താവിന് മുൻപിലും, ‘മഹ്റമുകൾക്ക്’ മുൻപിലുമല്ലാതെ അവൾ തൻ്റെ ഹിജാബ് ഊരിവെക്കാൻ പാടില്ല. ‘മഹ്റമുകൾ’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അവൾക്ക് ഒരിക്കലും വിവാഹം കഴിക്കാൻ അനുവാദമില്ലാത്തവരാണ്. താഴെ പറയുന്നവരാണ് മഹ്റമുകളിൽ പെടുക: പിതാവും അദ്ദേഹത്തിൻ്റെ പ്രപിതാക്കളും, മകനും അവൻ്റെ പുത്രപരമ്പരയും, പിതൃസഹോദരനും മാതൃസഹോദരനും, സഹോദരനും, സഹോദരപുത്രനും, സഹോദരീപുത്രനും, മാതാവുമായി വിവാഹബന്ധം സ്ഥിരപ്പെട്ട ഭർത്താവും, ഭർതൃപിതാവും അദ്ദേഹത്തിൻ്റെ പ്രപിതാക്കളും, ഭർത്താവിൻ്റെ മക്കളും അവരുടെ പുത്രപരമ്പരയും, മകളുടെ ഭർത്താവും. രക്തബന്ധത്തിലൂടെ നിഷിദ്ധമാകുന്നതെല്ലാം മുലകുടിബന്ധത്തിലൂടെയും നിഷിദ്ധമാകുന്നതാണ്.

വസ്ത്രധാരണത്തിൽ ഓരോ മുസ്ലിം സ്ത്രീയും ശ്രദ്ധിക്കേണ്ട ചില അടിസ്ഥാനമര്യാദകളുണ്ട്:

 

  • 1ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കുക.
  • 2അലങ്കാരത്തിന് വേണ്ടി ധരിക്കുന്ന
  •                         വസ്ത്രങ്ങളാകാതിരിക്കുക.
  • 3ശരീരം ദൃശ്യമാകുന്ന രൂപത്തിൽ സുതാര്യമാകരുത്.
  • 4ശരീരത്തിൻ്റെ രൂപം വ്യക്തമാകുന്ന തരത്തിൽ ഇടുങ്ങിയ
  •                         വസ്ത്ര മാകരുത്; മറിച്ച് വസ്ത്രം അയഞ്ഞതായിരിക്കണം.
  • 5സുഗന്ധം പുരട്ടിയ വസ്ത്രമാകാൻ പാടില്ല.
  • 6പുരുഷന്മാരുടെ വസ്ത്രധാരണത്തോട്സ
  •                        ദൃശ്യമാകാൻ പാടില്ല.
  • 7അമുസ്ലിം സ്ത്രീകളുടെ ആരാധനകളോടോ ആഘോഷങ്ങ
  •                        ളോടോ ബന്ധപ്പെട്ട വസ്ത്രങ്ങളോട് സദൃശ്യമാകരുത്.

 

 

 

ഒരു വിശ്വാസിയുടെ ഗുണങ്ങൾ

അല്ലാഹു പറയുന്നു: {അല്ലാഹുവെപ്പറ്റി പറയപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ച് നടുങ്ങുകയും, അവൻ്റെ ദൃഷ്ടാന്തങ്ങൾ വായിച്ചു കേൾപ്പിക്കപ്പെട്ടാൽ വിശ്വാസം വർദ്ധിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേൽ ഭരമേല്പിക്കുകയും ചെയ്യുന്നവർ മാത്രമാണ് സത്യവിശ്വാസികൾ} [അൻഫാൽ: 2] .

ഒരു വിശ്വാസിയുടെ ഗുണങ്ങൾ:

  • സത്യസന്ധമായ സംസാരമേ ഒരു മുസ്ലിമിൽ നിന്ന് ഉണ്ടാകൂ; അവനൊരിക്കലും കളവു പറയുകയില്ല.
  • വാഗ്ദാനങ്ങൾ അവൻ പൂർത്തീകരിക്കുകയും, വാക്കുകൾ പാലിക്കുകയും ചെയ്യും.
  • തർക്കത്തിൽ ഒരിക്കലും വഞ്ചന കാണിക്കുകയില്ല.
  • ഉത്തരവാദിത്തങ്ങൾ നിറവേറ്റും.
  • ഉദാരനായിരിക്കും അവൻ.
  • ജനങ്ങൾക്ക് അവൻ നന്മ ചെയ്യും.
  • കുടുംബബന്ധം ചേർക്കും.
  • അല്ലാഹുവിൻ്റെ വിധിയിൽ തൃപ്തനായിരിക്കുകയും, സന്തോഷവേളകളിൽ അല്ലാഹുവിന് നന്ദി പറയുകയും, പ്രയാസവേളകളിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്യും.
  • ലജ്ജയുള്ളവനായിരിക്കും.
  • സൃഷ്ടികളോട് കരുണ കാണിക്കുന്നവനായിരിക്കും.
  • അസൂയ നിറഞ്ഞ വിദ്വേഷത്തിൽ നിന്ന് മുക്തമായിരിക്കും അവൻ്റെ മനസ്സ്. മറ്റൊരാളോട് അതിക്രമം പ്രവർത്തിക്കാൻ അവൻ്റെ ശരീരാവയവങ്ങൾ മുതിരുകയുമില്ല.
  • ജനങ്ങൾക്ക് വിട്ടുപൊറുത്തു നൽകാൻ അവൻ തയ്യാറാണ്.
  • പലിശ കൊണ്ട് അവൻ ഭക്ഷിക്കുകയോ, അതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പങ്കുചേരുകയോ ഇല്ല.
  • യഭിചരിക്കുകയില്ല.
  • മദ്യപിക്കുകയില്ല.
  • തൻ്റെ അയൽവാസികളോട് അവൻ നന്മയിൽ പെരുമാറും.
  • അതിക്രമം കാണിക്കുകയോ, വഞ്ചന കാണിക്കുകയോ ഇല്ല.
  • മോഷ്ടിക്കുകയോ ചതി പ്രയോഗിക്കുകയോ ഇല്ല.
  • തൻ്റെ സന്താനങ്ങളെ ശ്രേഷ്ഠമായ ഗുണങ്ങളിലാണ് അവൻ വളർത്തുക. മതപരമായ നിർബന്ധബാധ്യതകൾ അവരോട് അവൻ കൽപ്പിക്കുന്നതാണ്. മാന്യമല്ലാത്തതും നിഷിദ്ധവുമായ കാര്യങ്ങളിൽ നിന്ന് അവരെ വിലക്കുകയും ചെയ്യും.
  • മുസ്ലിമീങ്ങളല്ലാത്തവർക്ക് മാത്രം പ്രത്യേകമായ, അവരുടെ പ്രത്യേകതയും അടയാളവുമായി തീർന്ന കാര്യങ്ങളിൽ അവരോട് സദൃശ്യനാവുകയില്ല.

എൻ്റെ മതമായ ഇസ്ലാമിലാണ് എൻ്റെ സൗഭാഗ്യം!

അല്ലാഹു പറയുന്നു: {ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സൽകർമ്മം പ്രവർത്തിക്കുന്ന പക്ഷം വിശിഷ്ടമായ ഒരു ജീവിതം തീർച്ചയായും അവനെ നാം ജീവിപ്പിക്കുന്നതാണ്. അവർ പ്രവർത്തിച്ച് കൊണ്ടിരുന്നതിൽ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവർക്കുള്ള പ്രതിഫലം തീർച്ചയായും നാം അവർക്ക് നല്കുകയും ചെയ്യും} [നഹ്ൽ: 97].

ഒരു മുസ്ലിമിൻ്റെ ഹൃദയത്തിൽ ഏറ്റവുമധികം സന്തോഷവും സൗഭാഗ്യവും സ്വസ്ഥതയും നിറക്കുന്ന കാര്യം തൻ്റെ രക്ഷിതാവായ അല്ലാഹുവുമായുള്ള അവൻ്റെ നേരിട്ടുള്ള ബന്ധമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ വിഗ്രഹങ്ങളോ അല്ലാഹുവിനും അവനുമിടയിൽ യാതൊരു മദ്ധ്യസ്ഥതയും വഹിക്കുന്നില്ല. അല്ലാഹു തൻ്റെ ദാസന്മാരോട് വളരെ അടുത്തുള്ളവനാണ് എന്ന് അവൻ തൻ്റെ ഗ്രന്ഥത്തിലൂടെ അറിയിച്ചിട്ടുണ്ട്. അവൻ അവരുടെ തേട്ടങ്ങൾ കേൾക്കുകയും, അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നതാണ്. അല്ലാഹു പറഞ്ഞത് നോക്കൂ: {നിന്നോട് എൻ്റെ ദാസന്മാർ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ (അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ച് പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥനയ്ക്ക് ഉത്തരം നല്കുന്നതാണ്. അതുകൊണ്ട് എൻ്റെ ആഹ്വാനം അവർ സ്വീകരിക്കുകയും, എന്നിൽ അവർ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ നേർവഴി പ്രാപിക്കുവാൻ വേണ്ടിയാണിത്} [ബഖറ: 186].

അല്ലാഹു അവനെ വിളിച്ചു പ്രാർത്ഥിക്കണമെന്ന് നമ്മോട് കൽപ്പിച്ചിരിക്കുന്നു. ഒരു മുസ്ലിമിനെ തൻ്റെ രക്ഷിതാവിങ്കലേക്ക് ഏറ്റവുമധികം അടുപ്പിക്കുന്ന ആരാധനകളിലൊന്നാണ് അല്ലാഹുവിനോടുള്ള പ്രാർത്ഥന. അല്ലാഹു പറഞ്ഞത് നോക്കൂ: {നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ; ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം} [ഗാഫിർ: 60].

സൽകർമ്മിയായ ഓരോ മുസ്ലിമും തൻ്റെ രക്ഷിതാവിലേക്ക് അങ്ങേയറ്റത്തെ ആവശ്യക്കാരനത്രെ. അവൻ തൻ്റെ രക്ഷിതാവിന് മുൻപിൽ എപ്പോഴും പ്രാർത്ഥനകളിൽ നിരതനായിരിക്കും. ഉൽകൃഷ്ടമായ ആരാധനകളിലൂടെ അല്ലാഹുവിലേക്ക് സാമീപ്യം തേടിക്കൊണ്ടിരിക്കുന്നവനായിരിക്കും.

അല്ലാഹു ഈ പ്രപഞ്ചത്തിൽ നമ്മെ സൃഷ്ടിച്ചത് മഹത്തരമായ ഒരു ഉദ്ദേശത്തോടെയാണ്. അവൻ നമ്മെ വെറുതെയല്ല പടച്ചിരിക്കുന്നത്. മറിച്ച് അവനെ മാത്രം നാം ആരാധിക്കുകയും, അവനിൽ ഒരാളെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ സൃഷ്ടിപ്പിൻ്റെ ലക്ഷ്യം. അല്ലാഹുവിൽ നിന്നുള്ള ഒരു മതം നമുക്കവൻ നിശ്ചയിച്ചു തരികയും ചെയ്തിരിക്കുന്നു. നമ്മുടെ ജീവിതത്തിൻ്റെ വൈയക്തികവും സാമൂഹികവുമായ നാനാതുറകളെയും ഉൾക്കൊള്ളുന്ന മതമാണത്. നീതിപൂർവ്വകമായ മതനിയമങ്ങളിലൂടെ മനുഷ്യജീവിതത്തിൻ്റെ അനിവാര്യമേഖലകളെ അല്ലാഹു സംരക്ഷിച്ചിരിക്കുന്നു. നമ്മുടെ മതവിശ്വാസത്തെയും, ജീവനെയും, അഭിമാനത്തെയും, ബുദ്ധിയെയും, സമ്പത്തിനെയും സംരക്ഷിക്കുന്നതാണ് ഇസ്ലാമിലെ നിയമങ്ങളെല്ലാം. അതിനാൽ അല്ലാഹുവിൻ്റെ മതനിയമങ്ങൾ അനുസരിച്ചു കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും ഒരാൾ തൻ്റെ ജീവിതം നയിച്ചാൽ ഈ പറഞ്ഞതെല്ലാം അവൻ സുരക്ഷിതമാക്കിയിരിക്കുന്നു. സമാധാ നഭരിതമായ, സൗഭാഗ്യപൂർണ്ണമായ ഒരു ജീവിതം അവന് അതിലൂടെ നയിക്കാൻ സാധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

ഒരു മുസ്ലിമിന് തൻ്റെ രക്ഷിതാവുമായുള്ള ബന്ധം അങ്ങേയറ്റം ആഴമേറിയതാണ്. അവൻ്റെ മനസ്സിന് സമാധാനവും സ്വസ്ഥതയും പകരുന്നതാണത്. നിർഭയത്വവും സന്തോഷവും ശാന്തിയും നൽകുന്നതാണത്. എൻ്റെ രക്ഷിതാവായ അല്ലാഹു എന്നോടൊപ്പമുണ്ടെന്ന ബോധ്യവും, അവൻ എന്നെ ശ്രദ്ധിച്ചു കൊള്ളുമെന്നും, അവൻ്റെ വിശ്വാസിയായ ദാസനെ അവൻ രക്ഷിക്കുന്നതാണെന്നുള്ള തിരിച്ചറിവും അതവന് നൽകുന്നു. അല്ലാഹു പറയുന്നു: {അല്ലാഹു അവനിൽ വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു. അവരെ അവൻ ഇരുട്ടുകളിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു} [ബഖറ: 257].

മഹത്തരമായ ഈ ബന്ധം സർവ്വവിശാലമായ കാരുണ്യത്തിൻ്റെ ഉടമയായ അല്ലാഹുവിനെ ആരാധിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നതിലേക്ക് അവനെ നയിക്കുന്നു. തൻ്റെ രക്ഷിതാവിനെ കാണണമെന്ന ഉൾക്കടമായ ആഗ്രഹവും അതവന് നൽകുന്നു. സൗഭാഗ്യത്തിൻ്റെ ഉന്നതവിഹായസ്സുകളിൽ തൻ്റെ ഹൃദയത്തെ അണച്ചു ചേർക്കാനും, അതിലൂടെ ഈമാനിൻ്റെ മാധുര്യം ആസ്വദിക്കാനും അവന് സാധിക്കുന്നു.

ഈ പറഞ്ഞ ഈമാനിൻ്റെ മധുരം; നന്മകൾ ചെയ്തു കൊണ്ടും തിന്മകൾ ഉപേക്ഷിച്ചു കൊണ്ടും അതിൻ്റെ മധുരം ആസ്വദിച്ചവർക്കല്ലാതെ അത് വിവരിക്കാൻ സാ ധ്യമല്ല. അതു കൊണ്ടാണ് നബി (ﷺ) ഇപ്രകാരം പറഞ്ഞത്: “അല്ലാഹുവിനെ തൻ്റെ രക്ഷിതാവായും, ഇസ്ലാമിനെ തൻ്റെ മതമായും, മുഹമ്മദ് നബിയെ ദൂതനായും തൃപ്തിപ്പെട്ടവൻ ഈമാനിൻ്റെ (വിശ്വാസത്തിൻ്റെ) രുചി ആസ്വദിച്ചിരിക്കുന്നു”.

അതെ! തൻ്റെ രക്ഷിതാവിൻ്റെ നോട്ടത്തിന് മുൻപിലാണ് താനുള്ളത് എന്ന ബോധ്യം മനുഷ്യൻ്റെ മനസ്സിൽ അവൻ തിരിച്ചറിഞ്ഞാൽ... അല്ലാഹുവിനെ അവൻ്റെ നാമങ്ങളിലൂടെയും വിശേഷണങ്ങളിലൂടെയും അവൻ അറിഞ്ഞു കഴിഞ്ഞാൽ... അല്ലാഹുവിനെ അവൻ നോക്കിക്കാണുന്നു എന്നതുപോലെ അല്ലാഹുവിനെ അവൻ ആരാധിച്ചാൽ... തൻ്റെ ആരാധനകൾ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുകയും അവയിലൊന്നും അല്ലാഹുവിന് പുറമെ മറ്റൊരാളെയും ലക്ഷ്യമാക്കാതിരിക്കുകയും ചെയ്താൽ... ഇഹലോകത്ത് ഏറ്റവും സൗഭാഗ്യം നിറഞ്ഞ ജീവിതം തന്നെ അവന് ലഭിക്കും. പരലോകത്ത് ഏറ്റവും ഉത്തമമായ പര്യവസാനവും അവനെ കാത്തിരിക്കുന്നു.

എന്തിനധികം! ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ ലോകത്ത് അവനെ ബാധിക്കുന്ന പ്രയാസങ്ങളുടെയും ദുരിതങ്ങളുടെയും ചൂടും പൊള്ളലും വരെ തൻ്റെ രക്ഷിതാവിലുള്ള ദൃഢവിശ്വാസത്തിൻ്റെയും, അവൻ്റെ വിധിനിർണ്ണയത്തിലുള്ള തൃപ്തിയുടെയും തണുപ്പിനാൽ അണഞ്ഞു പോകും. അല്ലാഹുവിൻ്റെ എല്ലാ വിധിനിർണ്ണയങ്ങളിലും -അതിൻ്റെ നന്മകളിലും തിന്മകളിലും- അല്ലാഹുവിനെ അവൻ തൻ്റെ സൗഭാഗ്യവും സ്വസ്ഥതയും വർദ്ധിക്കണമെന്ന് ഉദ്ദേശിക്കുന്ന ഓരോ മുസ്ലിമും അല്ലാഹുവിനുള്ള അവൻ്റെ ദിക്റുകൾ ധാരാളമായി അധികരിപ്പിക്കുകയും, ഖുർആൻ പാരായണം വർദ്ധിപ്പിക്കുകയും ചെയ്യണം. അല്ലാഹു പറഞ്ഞതു പോലെ: {അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓർമ കൊണ്ട് മനസ്സുകൾ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്മ കൊണ്ടത്രെ മനസ്സുകൾ ശാന്തമായിത്തീരുന്നത്} [റഅ്ദ്: 28].

അല്ലാഹുവിനെ സ്മരിക്കുന്നതും, ഖുർആൻ പാരായണം ചെയ്യുന്നതും അധികരിക്കുന്നതിന് അനുസരിച്ച് അല്ലാഹുവുമായുള്ള മനുഷ്യൻ്റെ ബന്ധം ശക്തമായി കൊണ്ടേയിരിക്കും. അവൻ്റെ മനസ്സ് ശുദ്ധമാവുകയും, അവൻ്റെ വിശ്വാസം ഉറപ്പുള്ളതാവുകയും ചെയ്യും.

അതോടൊപ്പം തൻ്റെ മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരിയായ സ്രോതസ്സുകളിൽ നിന്ന് പഠിച്ചു മനസ്സിലാക്കാനും ഓരോ മുസ്ലിമും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ ഉൾക്കാഴ്ചയോടെ അല്ലാഹുവിനെ ആരാധിക്കാൻ അവന് സാധിക്കുകയുള്ളൂ. നബി (ﷺ) പറഞ്ഞു: “മതവിജ്ഞാനം അന്വേഷിക്കുക എന്നത് ഓരോ മുസ്ലിമിൻ്റെയും മേൽ നിർബന്ധമാണ്”.

തന്നെ സൃഷ്ടിച്ചവനായ അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് സദാസമർപ്പിച്ചവനായിരികണം ഓരോ മുസ്ലിമും. ചില കൽപ്പനകൾക്ക് പിന്നിലുള്ള യുക്തി അവന് ബോധ്യപ്പെട്ടില്ലെങ്കിൽ കൂടി അവൻ അത് അംഗീകരിക്കാൻ തയ്യാറായിരിക്കണം. അല്ലാഹു അവൻ്റെ ഗ്രന്ഥത്തിൽ പറഞ്ഞതു നോക്കൂ: {അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്ത് കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചു പോയിരിക്കുന്നു} [അഹ്സാബ്: 36].

നമ്മുടെ പ്രവാചകനായ മുഹമ്മദ് നബിയിലും അവിടുത്തെ മുഴുവൻ കുടുംബങ്ങളിലും അനുചരൻമാരിലും അല്ലാഹുവിൻറെ രക്ഷയും സമാധാനവും വർഷിക്കുമാറാകട്ടെ.