അല്ലാഹു പറയുന്നു: {ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സൽകർമ്മം പ്രവർത്തിക്കുന്ന പക്ഷം വിശിഷ്ടമായ ഒരു ജീവിതം തീർച്ചയായും അവനെ നാം ജീവിപ്പിക്കുന്നതാണ്. അവർ പ്രവർത്തിച്ച് കൊണ്ടിരുന്നതിൽ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവർക്കുള്ള പ്രതിഫലം തീർച്ചയായും നാം അവർക്ക് നല്കുകയും ചെയ്യും} [നഹ്ൽ: 97].
ഒരു മുസ്ലിമിൻ്റെ ഹൃദയത്തിൽ ഏറ്റവുമധികം സന്തോഷവും സൗഭാഗ്യവും സ്വസ്ഥതയും നിറക്കുന്ന കാര്യം തൻ്റെ രക്ഷിതാവായ അല്ലാഹുവുമായുള്ള അവൻ്റെ നേരിട്ടുള്ള ബന്ധമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ വിഗ്രഹങ്ങളോ അല്ലാഹുവിനും അവനുമിടയിൽ യാതൊരു മദ്ധ്യസ്ഥതയും വഹിക്കുന്നില്ല. അല്ലാഹു തൻ്റെ ദാസന്മാരോട് വളരെ അടുത്തുള്ളവനാണ് എന്ന് അവൻ തൻ്റെ ഗ്രന്ഥത്തിലൂടെ അറിയിച്ചിട്ടുണ്ട്. അവൻ അവരുടെ തേട്ടങ്ങൾ കേൾക്കുകയും, അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നതാണ്. അല്ലാഹു പറഞ്ഞത് നോക്കൂ: {നിന്നോട് എൻ്റെ ദാസന്മാർ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ (അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ച് പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥനയ്ക്ക് ഉത്തരം നല്കുന്നതാണ്. അതുകൊണ്ട് എൻ്റെ ആഹ്വാനം അവർ സ്വീകരിക്കുകയും, എന്നിൽ അവർ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ നേർവഴി പ്രാപിക്കുവാൻ വേണ്ടിയാണിത്} [ബഖറ: 186].
അല്ലാഹു അവനെ വിളിച്ചു പ്രാർത്ഥിക്കണമെന്ന് നമ്മോട് കൽപ്പിച്ചിരിക്കുന്നു. ഒരു മുസ്ലിമിനെ തൻ്റെ രക്ഷിതാവിങ്കലേക്ക് ഏറ്റവുമധികം അടുപ്പിക്കുന്ന ആരാധനകളിലൊന്നാണ് അല്ലാഹുവിനോടുള്ള പ്രാർത്ഥന. അല്ലാഹു പറഞ്ഞത് നോക്കൂ: {നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ; ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം} [ഗാഫിർ: 60].
സൽകർമ്മിയായ ഓരോ മുസ്ലിമും തൻ്റെ രക്ഷിതാവിലേക്ക് അങ്ങേയറ്റത്തെ ആവശ്യക്കാരനത്രെ. അവൻ തൻ്റെ രക്ഷിതാവിന് മുൻപിൽ എപ്പോഴും പ്രാർത്ഥനകളിൽ നിരതനായിരിക്കും. ഉൽകൃഷ്ടമായ ആരാധനകളിലൂടെ അല്ലാഹുവിലേക്ക് സാമീപ്യം തേടിക്കൊണ്ടിരിക്കുന്നവനായിരിക്കും.
അല്ലാഹു ഈ പ്രപഞ്ചത്തിൽ നമ്മെ സൃഷ്ടിച്ചത് മഹത്തരമായ ഒരു ഉദ്ദേശത്തോടെയാണ്. അവൻ നമ്മെ വെറുതെയല്ല പടച്ചിരിക്കുന്നത്. മറിച്ച് അവനെ മാത്രം നാം ആരാധിക്കുകയും, അവനിൽ ഒരാളെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ സൃഷ്ടിപ്പിൻ്റെ ലക്ഷ്യം. അല്ലാഹുവിൽ നിന്നുള്ള ഒരു മതം നമുക്കവൻ നിശ്ചയിച്ചു തരികയും ചെയ്തിരിക്കുന്നു. നമ്മുടെ ജീവിതത്തിൻ്റെ വൈയക്തികവും സാമൂഹികവുമായ നാനാതുറകളെയും ഉൾക്കൊള്ളുന്ന മതമാണത്. നീതിപൂർവ്വകമായ മതനിയമങ്ങളിലൂടെ മനുഷ്യജീവിതത്തിൻ്റെ അനിവാര്യമേഖലകളെ അല്ലാഹു സംരക്ഷിച്ചിരിക്കുന്നു. നമ്മുടെ മതവിശ്വാസത്തെയും, ജീവനെയും, അഭിമാനത്തെയും, ബുദ്ധിയെയും, സമ്പത്തിനെയും സംരക്ഷിക്കുന്നതാണ് ഇസ്ലാമിലെ നിയമങ്ങളെല്ലാം. അതിനാൽ അല്ലാഹുവിൻ്റെ മതനിയമങ്ങൾ അനുസരിച്ചു കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും ഒരാൾ തൻ്റെ ജീവിതം നയിച്ചാൽ ഈ പറഞ്ഞതെല്ലാം അവൻ സുരക്ഷിതമാക്കിയിരിക്കുന്നു. സമാധാ നഭരിതമായ, സൗഭാഗ്യപൂർണ്ണമായ ഒരു ജീവിതം അവന് അതിലൂടെ നയിക്കാൻ സാധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
ഒരു മുസ്ലിമിന് തൻ്റെ രക്ഷിതാവുമായുള്ള ബന്ധം അങ്ങേയറ്റം ആഴമേറിയതാണ്. അവൻ്റെ മനസ്സിന് സമാധാനവും സ്വസ്ഥതയും പകരുന്നതാണത്. നിർഭയത്വവും സന്തോഷവും ശാന്തിയും നൽകുന്നതാണത്. എൻ്റെ രക്ഷിതാവായ അല്ലാഹു എന്നോടൊപ്പമുണ്ടെന്ന ബോധ്യവും, അവൻ എന്നെ ശ്രദ്ധിച്ചു കൊള്ളുമെന്നും, അവൻ്റെ വിശ്വാസിയായ ദാസനെ അവൻ രക്ഷിക്കുന്നതാണെന്നുള്ള തിരിച്ചറിവും അതവന് നൽകുന്നു. അല്ലാഹു പറയുന്നു: {അല്ലാഹു അവനിൽ വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു. അവരെ അവൻ ഇരുട്ടുകളിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു} [ബഖറ: 257].
മഹത്തരമായ ഈ ബന്ധം സർവ്വവിശാലമായ കാരുണ്യത്തിൻ്റെ ഉടമയായ അല്ലാഹുവിനെ ആരാധിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നതിലേക്ക് അവനെ നയിക്കുന്നു. തൻ്റെ രക്ഷിതാവിനെ കാണണമെന്ന ഉൾക്കടമായ ആഗ്രഹവും അതവന് നൽകുന്നു. സൗഭാഗ്യത്തിൻ്റെ ഉന്നതവിഹായസ്സുകളിൽ തൻ്റെ ഹൃദയത്തെ അണച്ചു ചേർക്കാനും, അതിലൂടെ ഈമാനിൻ്റെ മാധുര്യം ആസ്വദിക്കാനും അവന് സാധിക്കുന്നു.
ഈ പറഞ്ഞ ഈമാനിൻ്റെ മധുരം; നന്മകൾ ചെയ്തു കൊണ്ടും തിന്മകൾ ഉപേക്ഷിച്ചു കൊണ്ടും അതിൻ്റെ മധുരം ആസ്വദിച്ചവർക്കല്ലാതെ അത് വിവരിക്കാൻ സാ ധ്യമല്ല. അതു കൊണ്ടാണ് നബി (ﷺ) ഇപ്രകാരം പറഞ്ഞത്: “അല്ലാഹുവിനെ തൻ്റെ രക്ഷിതാവായും, ഇസ്ലാമിനെ തൻ്റെ മതമായും, മുഹമ്മദ് നബിയെ ദൂതനായും തൃപ്തിപ്പെട്ടവൻ ഈമാനിൻ്റെ (വിശ്വാസത്തിൻ്റെ) രുചി ആസ്വദിച്ചിരിക്കുന്നു”.
അതെ! തൻ്റെ രക്ഷിതാവിൻ്റെ നോട്ടത്തിന് മുൻപിലാണ് താനുള്ളത് എന്ന ബോധ്യം മനുഷ്യൻ്റെ മനസ്സിൽ അവൻ തിരിച്ചറിഞ്ഞാൽ... അല്ലാഹുവിനെ അവൻ്റെ നാമങ്ങളിലൂടെയും വിശേഷണങ്ങളിലൂടെയും അവൻ അറിഞ്ഞു കഴിഞ്ഞാൽ... അല്ലാഹുവിനെ അവൻ നോക്കിക്കാണുന്നു എന്നതുപോലെ അല്ലാഹുവിനെ അവൻ ആരാധിച്ചാൽ... തൻ്റെ ആരാധനകൾ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുകയും അവയിലൊന്നും അല്ലാഹുവിന് പുറമെ മറ്റൊരാളെയും ലക്ഷ്യമാക്കാതിരിക്കുകയും ചെയ്താൽ... ഇഹലോകത്ത് ഏറ്റവും സൗഭാഗ്യം നിറഞ്ഞ ജീവിതം തന്നെ അവന് ലഭിക്കും. പരലോകത്ത് ഏറ്റവും ഉത്തമമായ പര്യവസാനവും അവനെ കാത്തിരിക്കുന്നു.
എന്തിനധികം! ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈ ലോകത്ത് അവനെ ബാധിക്കുന്ന പ്രയാസങ്ങളുടെയും ദുരിതങ്ങളുടെയും ചൂടും പൊള്ളലും വരെ തൻ്റെ രക്ഷിതാവിലുള്ള ദൃഢവിശ്വാസത്തിൻ്റെയും, അവൻ്റെ വിധിനിർണ്ണയത്തിലുള്ള തൃപ്തിയുടെയും തണുപ്പിനാൽ അണഞ്ഞു പോകും. അല്ലാഹുവിൻ്റെ എല്ലാ വിധിനിർണ്ണയങ്ങളിലും -അതിൻ്റെ നന്മകളിലും തിന്മകളിലും- അല്ലാഹുവിനെ അവൻ തൻ്റെ സൗഭാഗ്യവും സ്വസ്ഥതയും വർദ്ധിക്കണമെന്ന് ഉദ്ദേശിക്കുന്ന ഓരോ മുസ്ലിമും അല്ലാഹുവിനുള്ള അവൻ്റെ ദിക്റുകൾ ധാരാളമായി അധികരിപ്പിക്കുകയും, ഖുർആൻ പാരായണം വർദ്ധിപ്പിക്കുകയും ചെയ്യണം. അല്ലാഹു പറഞ്ഞതു പോലെ: {അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓർമ കൊണ്ട് മനസ്സുകൾ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്മ കൊണ്ടത്രെ മനസ്സുകൾ ശാന്തമായിത്തീരുന്നത്} [റഅ്ദ്: 28].
അല്ലാഹുവിനെ സ്മരിക്കുന്നതും, ഖുർആൻ പാരായണം ചെയ്യുന്നതും അധികരിക്കുന്നതിന് അനുസരിച്ച് അല്ലാഹുവുമായുള്ള മനുഷ്യൻ്റെ ബന്ധം ശക്തമായി കൊണ്ടേയിരിക്കും. അവൻ്റെ മനസ്സ് ശുദ്ധമാവുകയും, അവൻ്റെ വിശ്വാസം ഉറപ്പുള്ളതാവുകയും ചെയ്യും.
അതോടൊപ്പം തൻ്റെ മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരിയായ സ്രോതസ്സുകളിൽ നിന്ന് പഠിച്ചു മനസ്സിലാക്കാനും ഓരോ മുസ്ലിമും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ ഉൾക്കാഴ്ചയോടെ അല്ലാഹുവിനെ ആരാധിക്കാൻ അവന് സാധിക്കുകയുള്ളൂ. നബി (ﷺ) പറഞ്ഞു: “മതവിജ്ഞാനം അന്വേഷിക്കുക എന്നത് ഓരോ മുസ്ലിമിൻ്റെയും മേൽ നിർബന്ധമാണ്”.
തന്നെ സൃഷ്ടിച്ചവനായ അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് സദാസമർപ്പിച്ചവനായിരികണം ഓരോ മുസ്ലിമും. ചില കൽപ്പനകൾക്ക് പിന്നിലുള്ള യുക്തി അവന് ബോധ്യപ്പെട്ടില്ലെങ്കിൽ കൂടി അവൻ അത് അംഗീകരിക്കാൻ തയ്യാറായിരിക്കണം. അല്ലാഹു അവൻ്റെ ഗ്രന്ഥത്തിൽ പറഞ്ഞതു നോക്കൂ: {അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്ത് കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചു പോയിരിക്കുന്നു} [അഹ്സാബ്: 36].
നമ്മുടെ പ്രവാചകനായ മുഹമ്മദ് നബിയിലും അവിടുത്തെ മുഴുവൻ കുടുംബങ്ങളിലും അനുചരൻമാരിലും അല്ലാഹുവിൻറെ രക്ഷയും സമാധാനവും വർഷിക്കുമാറാകട്ടെ.